കൊച്ചി: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിപ്പിനിരയായ സജാദിന്റെ കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ കോടതി കണ്ടെത്തിയത്. സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റമാണ് കോടതി ചുമത്തിയത്. ഉച്ചക്കുശേഷം ഇവര്‍ക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കും.

അതേസമയം കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതിയായ സീരിയല്‍ നടി ശാലുമേനോനെ കോടതി വെറുതെ വിട്ടു. ശാലുമേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെയും കോടതി വെറുതെ വിട്ടു.

പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്നും സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഈ കേസിലാണ് സരിത അറസ്റ്റിലാകുന്നത്. പിന്നാലെ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായുളള പരാതികള്‍ ഇവര്‍ക്കെതിരെ ഉയരുകയായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് നടി ശാലുമേനോന്റെ പേരില്‍ രണ്ടുകേസുകളാണ് ഉണ്ടായിരുന്നത്.