ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുലര്‍ച്ചയോടെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നേരത്തെ സോമദാസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡാനന്തര ചികിത്സയിലായിരുന്നു അദ്ദേഹം.

റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ സോമദാസ് ഐഡിയ സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ പരിപാടികളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.

നിരവധി ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങിയ വ്യക്തിയാണ് സോമദാസ്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു.