ചൊവ്വയിലും ചന്ദ്രനിലും മനുഷ്യവാസം ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രലോകത്ത് അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്നത് അധികം വിദൂരമല്ല എന്നതാണ് വിവിധ ഗവേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ അതിനിടെ പുറത്തുവരുന്നത് മറ്റൊരു കൗതുകം നിറയ്ക്കുന്ന വാര്‍ത്തയാണ്.

ബഹിരാകാശത്ത് ഹോട്ടല്‍ പണിയാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് ഓര്‍ബിറ്റല്‍ അസംബ്ലി എന്ന സ്ഥാപനം. 2025 ഓടേ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥത്തില്‍ സ്പേസ്ഷിപ്പിന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് കമ്പനിയുടെ ആദ്യ ലക്ഷ്യം. 2027 ഓടേ റിസോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി. 400 പേര്‍ക്ക് വരെ ഒരേ സമയം താമസിക്കാന്‍ കഴിയുന്ന റിസോര്‍ട്ടിന് രൂപം നല്‍കാനാണ് കമ്പനി പരിപാടിയിടുന്നത്.

കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രവുമായി ബന്ധിപ്പിച്ച് കൊണ്ട് വ്യക്തിഗത സൗകര്യങ്ങള്‍ക്ക് രൂപം നല്‍കും. വീലിന്റെ ആക്സില്‍ മാതൃകയിലാണ് ഇവ ബന്ധിപ്പിക്കുക. അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ലഭ്യമാക്കുന്ന വിധമാണ് രൂപരേഖ. ഹെല്‍ത്ത് സ്പാ, സിനിമാ തിയറ്റര്‍, ജിം, ലൈബ്രറി തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കും. ഭൂമിയെ കാണാന്‍ കഴിയുന്നവിധം ലോഞ്ചുകള്‍ നിര്‍മ്മിക്കും. ബാറുകളും മുറികളുമാണ് മറ്റു പ്രത്യേകതകള്‍. 400 പേര്‍ക്ക് വരെ താമസിക്കാന്‍ കഴിയുന്നവിധമാണ് മുറികള്‍ ഒരുക്കുക. അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി എന്നിവയും ഉറപ്പാക്കും.

ഓരോ 90 മിനിറ്റിലും ഭൂമിയെ വലംവെയ്ക്കുന്ന നിലയിലാണ് സ്പേസ് സ്റ്റേഷന് രൂപം നല്‍കുക. സ്പേസ് സ്റ്റേഷനില്‍ ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം വാങ്ങാന്‍ കഴിയുന്നവിധമാണ് പദ്ധതി.പ്രൈവറ്റ് വില്ല വാങ്ങാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഒരു വൃത്തത്തിന്റെ മാതൃകയിലായിരിക്കും സ്പേസ് സ്റ്റേഷന്‍.