തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 12 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ അടച്ചൂപൂട്ടാന്‍ തീരുമാനം. കേരളത്തിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ നിലവാരത്തെക്കുറിച്ച് പഠിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നടപടി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ഭരണസമിതി അംഗങ്ങളായ എം.ആര്‍ രഞ്ജിത്, ജോര്‍ജ്ജ് തോമസ് എന്നിവരുള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അഞ്ജു ബോബി ജോര്‍ജ്, റോസക്കുട്ടി ഉള്‍പ്പെടെ നിരവധി ലോക താരങ്ങളെ സംഭാവന ചെയ്ത തൃശൂര്‍ വിമല കോളജിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലും അടച്ചുപൂട്ടല്‍ പട്ടികയിലുണ്ട്. നിലവാരം കുറഞ്ഞ 23 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ ഈ വര്‍ഷം കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ല. നിലവാരം മെച്ചപ്പെടുത്താത്തപക്ഷം ഇവയും അടച്ചുപൂട്ടും.