ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 536-നെതിരെ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റിന് 356 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ക്യാപ്ടന്‍ ദിനേഷ് ചണ്ഡിമലിന്റെ (147യും നോട്ടൗട്ട്) മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെയും (111) സെഞ്ച്വറികളുടെയും കരുത്തില്‍ ലങ്ക ഫോളോ ഓണ്‍ ഒഴിവാക്കി.

മൂന്നിന് 131 എന്ന നിലയില്‍ തിങ്കളാഴ്ച ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് ചണ്ഡിമലും മാത്യൂസും ചേര്‍ന്ന നാലാം വിക്കറ്റ് സഖ്യമാണ് കരുത്തായത്. സ്‌കോര്‍ 256-ലെത്തിയ ശേഷം മാത്യൂസിനെ മടക്കി അശ്വിനാണ് മൂന്നാം ദിനത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടര്‍ന്ന് സദീര സമരവിക്രമ(33)ക്കൊപ്പം ചണ്ഡിമല്‍ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു.

അഞ്ചാം വിക്കറ്റായി സമരവിക്രമ മടങ്ങിയതിനു ശേഷമാണ് ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞത്. 26 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വിജയ പ്രതീക്ഷ നിലനിര്‍ത്തി. സ്റ്റംപെടുക്കുമ്പോള്‍ സന്ദകന്‍ (0) ആണ് ചണ്ഡിമലിനൊപ്പം ക്രീസില്‍.

രവിചന്ദ്രന്‍ അശ്വിന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം പേരെ പുറത്താക്കി.