ബീജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഫോര്‍മുല മുന്നോട്ടു വച്ചിരുന്നതായി സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. ഈ നിര്‍ദേശം ഇന്ത്യ സ്വീകരിക്കാത്തതിനാലാണ് സമാധാന നീക്കം പരാജയപ്പെട്ടതെന്നും 2003 മുതല്‍ 2013 വരെ ഇന്ത്യയുമായുള്ളി അതിര്‍ത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഡായ് ബിന്‍ഗാവോ പറഞ്ഞു. 2003ല്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള പ്രത്യേക പ്രതിനിധിയുമായ ബ്രജേഷ് മിശ്രയുമായിട്ടാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. നയതന്ത്ര പ്രാധാന്യമുള്ളതിനാലും തിബറ്റുമായി ചേര്‍ന്നു കിടക്കുന്നതിനാലും തവാങ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യമാണ് ചൈന പ്രധാനമായും ഉന്നയിച്ചിരുന്നത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ മറ്റ് ഏത് മേഖലയിലും വീട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരുന്നതായും ബിന്‍ഗാവോ പറഞ്ഞു.