News

ദിവസേന അല്പം നടക്കുന്നതുപോലും അകാലമരണസാധ്യത കുറയ്ക്കുമെന്ന് പഠനം

By webdesk17

January 14, 2026

ദിവസേന ദീര്‍ഘനേരം വെറുതെയിരിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വലിയ വ്യായാമങ്ങള്‍ ആവശ്യമില്ല ദിനചര്യയില്‍ ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതുപോലും അകാലമരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നോര്‍വേ, സ്വീഡന്‍, അമേരിക്ക, യു.കെ. ബയോബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 1,35,000 പേരുടെ ആരോഗ്യവിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

ദിവസവും പത്ത് മണിക്കൂറോളം ഇരിക്കുന്നവര്‍ വെറുതെയിരിക്കുന്ന സമയം 30 മിനിറ്റ് കുറച്ചാല്‍ അകാലമരണ സാധ്യത ഏഴ് ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരിലാണ് ഈ മാറ്റത്തിന്റെ ഗുണഫലം കൂടുതല്‍ വ്യക്തമായത്. ഇവരില്‍ ദിവസേന വെറും അഞ്ച് മിനിറ്റ് അധികം നടക്കുന്നതുപോലും ആരോഗ്യനില മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘസമയം ഇരിക്കുന്നത് ഒഴിവാക്കാന്‍ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്‍ക്കുക, അല്പനേരം നടക്കുക, നടന്നുകൊണ്ട് ഫോണ്‍ ചെയ്യുക, ലിഫ്റ്റിന് പകരം സ്‌റ്റെയര്‍കേസ് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ ശീലമാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു.

വ്യായാമം ഒഴിവാക്കുന്ന ഉദാസീന ജീവിതശൈലി അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ചിലയിനം കാന്‍സറുകള്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.