Connect with us

News

ബിഗ് ബാഷില്‍ ‘ടെസ്റ്റ് ശൈലി’; ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും

ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്.

Published

on

ബിഗ് ബാഷ് ലീഗില്‍ പാക്കിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും കടുത്ത വിമര്‍ശനം നേരിടുന്നു. ട്വന്റി 20 ഫോര്‍മാറ്റിന് യോജിക്കാത്ത മന്ദഗതിയിലുള്ള ബാറ്റിങ് സമീപനമാണ് ഇരുവര്‍ക്കുമെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. സിഡ്ണി തണ്ടറിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെഗേഡ്‌സിന് വേണ്ടി ബാറ്റ് ചെയ്ത മുഹമ്മദ് റിസ്വാന്‍ 23 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടിയത്. സട്രൈക്ക് റേറ്റ് 113ല്‍ നില്‍ക്കുന്നതിനിടെയാണ് 18ാം ഓവറില്‍ നായകന്‍ വില്‍ സതര്‍ലന്‍ഡ് റിസ്വാനെ റിട്ടയേര്‍ഡ് ഔട്ടായി ഡഗൗട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്.

ട്വന്റി 20 മത്സരത്തില്‍ ആവശ്യമായ വേഗതയില്ലാത്ത ബാറ്റിങ്ങാണ് ഈ അപൂര്‍വ തീരുമാനത്തിന് കാരണം. ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 167 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാനായില്ല. സട്രൈക്ക് റേറ്റ് 101. 164 പന്തുകള്‍ നേരിട്ട റിസ്വാന്‍ ബിഗ് ബാഷില്‍ ഒരു സിക്‌സ് മാത്രമാണ് അടിച്ചത്. സമാന അവസ്ഥയിലാണ് സിഡ്‌നി സിക്‌സേഴ്‌സിനായി കളിക്കുന്ന ബാബര്‍ അസമും. 2025-26 ബിഗ് ബാഷ് സീസണിലെ ഏറ്റവും വിലയേറിയ വിദേശ താരമായി 4.2 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) നല്‍കി ബാബറിനെ സിഡ്‌നി സ്വന്തമാക്കിയിരുന്നു.

എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 164 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. സട്രൈക്ക് റേറ്റ് 104. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും അവയും 38, 41 പന്തുകളില്‍ നിന്നാണ്-സീസണിലെ ഏറ്റവും മന്ദഗതിയിലുള്ള ഇന്നിങ്‌സുകളില്‍ ഉള്‍പ്പെടുന്നത്. ബിഗ് ബാഷില്‍ ഇതുവരെ ബാബര്‍ നേടിയത് 15 ബൗണ്ടറികള്‍ മാത്രം-12 ഫോറും മൂന്ന് സിക്‌സും. ബാറ്റിങ് വേഗതയുടെ അഭാവം ടീമിലെ മറ്റ് താരങ്ങള്‍ക്ക് അധിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ കമന്ററി ബോക്‌സില്‍ നിന്ന് ബാബറുടെ ശൈലിയെ തുറന്നടിച്ചിരുന്നു.

റിസ്വാനും ബാബറും ബിഗ് ബാഷില്‍ എത്തിയത് വന്‍ പ്രതീക്ഷകളോടെയായിരുന്നെങ്കിലും, ലീഗ് പുരോഗമിക്കുമ്പോള്‍ ഇരുവരുടെയും സംഭാവന നിരാശാജനകമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ പോലും ഇരുവരുടെയും സ്ഥാനം അനിശ്ചിതമാണെന്ന സൂചനകളാണ് നിലവിലെ പ്രകടനം നല്‍കുന്നത്. ട്വന്റി 20 ക്രിക്കറ്റ് അതിവേഗതയുടെയും ആക്രമണത്തിന്റെയും കാലഘട്ടത്തിലേക്ക് കടന്നിരിക്കെ, പഴയ ശൈലിയില്‍ പിടിച്ചുനില്‍ക്കുന്ന റിസ്വാനും ബാബറും ഫോര്‍മാറ്റിനോട് വഴങ്ങുന്നുണ്ടോയെന്ന ചോദ്യം ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മയക്കുമരുന്ന് മാഫിയയുടെ കാരിയര്‍; മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍

കണ്ണൂരില്‍ വന്‍ ലഹരിവേട്ട

Published

on

കണ്ണൂര്‍: മാരക സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ യുവതി എക്‌സൈസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇവൈ ജസീറലി നേതൃത്വത്തിലുള്ള സംഘം നടത്തിയ രഹസ്യ പരിശോധനയിലാണ് അറസ്റ്റ്. അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം. ശശിധരന്റെ മകള്‍ എ. ഷില്‍നയുടെ കൈവശത്തില്‍ നിന്നാണ് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ശ്രീകുമാര്‍ വി.പി., പങ്കജാക്ഷന്‍, രജിരാഗ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിഷ, ഷൈമ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്ന ഷില്‍ന വീണ്ടും ലഹരിമരുന്ന് വില്‍പനയില്‍ സജീവമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കാരിയറായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി.

Published

on

തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ശിവന്‍കുട്ടി, സര്‍വംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയും വേദിയിലെത്തി.

Continue Reading

News

‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താല്‍പര്യം’; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്‍കി.

Published

on

കൊച്ചി: ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്കെരെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജീവനക്കാര്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കാനല്ല, പണം തിരിമറി നടത്താനാണ് താല്‍പര്യമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

വിജിലന്‍സ് അന്വേഷണം ആരംഭിക്കാനിരിക്കെ നല്‍കിയ ഉത്തരവിലാണ് കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായ ലാഭം മാത്രമാണ് ലക്ഷ്യമെന്നും, ഭക്തരെ സേവിക്കലല്ല അവരുടെ താല്‍പര്യമെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്‍കി.

സമഗ്രവും കൃത്രിമം കാണിക്കാനാകാത്തതുമായ ഒരു സോഫ്റ്റ്‌വെയര്‍ സംവിധാനം അടിയന്തരമായി കണക്കെടുപ്പ് നടത്താന്‍ ബോര്‍ഡ് ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കോടതി ഇതിനുമുമ്പും ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ഇത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉടന്‍ ഇടപെടല്‍ അനിവാര്യമാണെന്നും, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending