News
എട്ട് ലോകകപ്പുകള്‍ നേടിയ താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ നായിക അലീസ ഹീലി
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മെല്‍ബണ്‍: വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. എട്ട് ലോകകപ്പുകള്‍ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തില്‍ അരങ്ങേറിയത്. ഓസ്ട്രേലിയയുടെ ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായിരുന്നു ഹീലി.
35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്ട്രേലിയക്കായി കളിച്ചു. 2022ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 170 റണ്‍സടിച്ച് ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ച് ഹീലി റെക്കോര്‍ഡിട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും(126) വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ(148*)ഹീലിയുടെ പേരിലാണ്. വിവിധ ഫോര്‍മാറ്റുകളിലായി 300ലേറെ മത്സരങ്ങള്‍ കളിച്ച അലീസ ഹീലി 7000ല്‍ അധികം റണ്‍സും വിക്കറ്റിന് പിന്നില്‍ 275 പുറത്താകലുകളിലും പങ്കാളിയായിട്ടുണ്ട്.
ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഹീലി വ്യക്തമാക്കി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അലീസ ഹീലി വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പെ വിരമിക്കാന്‍ തയാറായിരുന്നുവെന്നും ഹീലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2023ല്‍ മെഗ് ലാനിങിന്റെ പിന്‍ഗാമിയായാണ് അലീസ ഹീലി ഓസീസ് ടീമിന്റെ ക്യാപ്റ്റനായത്. ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും അടങ്ങുന്ന പരമ്പരയിലാണ് ഹീലി അവസാനമായി ഇന്ത്യക്കായി കളിക്കുക. ഓസ്ട്രേലിയന്‍ പുരുഷ ടീം അംഗം മിച്ചല്‍ സ്റ്റാര്‍ക് ആണ് ഹിലിയുടെ ഭര്‍ത്താവ്.
News
‘സെറ്റിലെത്തിയപ്പോള്‍ ഞാനാകെ അമ്പരന്നു’; അക്ഷയ് ഖന്നയെക്കുറിച്ച് പ്രിയദര്ശന്
‘ധുരന്ദര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണ് അക്ഷയ് ഖന്ന. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ‘ധുരന്ദര്‍’ എന്ന സിനിമയില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ വന്‍ കയ്യടിയാണ് നേടുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും പ്രത്യേകിച്ച് ഒരു ഡാന്‍സ് രംഗവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിയിരിക്കുകയാണ്. ‘ധുരന്ദര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടൊപ്പം സിനിമയ്ക്ക് വമ്പന്‍ ഒടിടി ഡീല്‍ ലഭിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 285 കോടി രൂപയ്ക്ക് ധുരന്ദര്‍യുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയെന്നാണ് വിവരം. അങ്ങനെ ആയാല്‍ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി ഡീല്‍ ആകുമിത്.
സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലായി 2026 മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപനം. കേരളത്തിലും സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഇതിനിടെയാണ് അക്ഷയ് ഖന്നയെക്കുറിച്ച് സംവിധായകന് പ്രിയദര്ശന് പങ്കുവെച്ച അനുഭവങ്ങള്‍ ശ്രദ്ധ നേടുന്നത്. അക്ഷയ് ഖന്നയെ നായകനാക്കി തന്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്ത അനുഭവമാണ് പ്രിയദര്ശന് ഓര്‍ത്തെടുത്തത്. ഡോളി സജാ കെ രഖ്നാ എന്ന ചിത്രത്തിലേക്ക് അക്ഷയ് ഖന്നയെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും തന്നെ എതിര്‍ത്തിരുന്നുവെന്നാണ് പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍. ‘അദ്ദേഹം വളരെ മൂഡ് സ്വിങ്സുള്ള ആളാണെന്ന് പലരും പറഞ്ഞു. പക്ഷേ സെറ്റിലെത്തിയപ്പോള്‍ അതിന്റെ നേരെ എതിര്‍സ്വഭാവമുള്ളയാളെയാണ് ഞാന്‍ കണ്ടത്. ആദ്യ സിനിമ മുതല്‍ തന്നെ അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനം തോന്നി,’ പ്രിയദര്ശന് പറയുന്നു.
‘രാവിലെ 5 മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ കൃത്യസമയത്ത് തന്നെ അദ്ദേഹം അവിടെയുണ്ടാകും. ഞങ്ങള്‍ ആറു സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഒരിക്കല്‍ പോലും കയ്പേറിയ അനുഭവം ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ അലട്ടാറുമില്ല,’ എന്നും പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു. അതേസമയം, ധുരന്ദര്‍യുടെ വിജയത്തിന് പിന്നാലെ അക്ഷയ് ഖന്നയെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. ദൃശ്യം 3യുടെ ഹിന്ദി പതിപ്പില്‍ നിന്ന് അക്ഷയ് ഖന്ന പിന്മാറിയെന്നും പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ അക്ഷയ് ഖന്ന പിന്മാറിയെന്നാണ് നിര്‍മാതാവും സംവിധായകനും ആരോപിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റം പ്രൊഫഷണല്‍ അല്ലെന്നും ടോക്സിക്കാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ നിര്‍മ്മാണകമ്പനിയുടെ ഭാഗത്തുനിന്ന് നിലവില്‍ കൂടുതല്‍ അപ്ഡേറ്റുകള് ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം, വിവാദങ്ങള്‍ക്കപ്പുറം ധുരന്ദര്‍യിലെ പ്രകടനത്തിലൂടെ അക്ഷയ് ഖന്ന വീണ്ടും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്.
News
ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; നാവായിക്കുളത്ത് ഭര്‍ത്താവിന്റെ ക്രൂരത
നാവായിക്കുളത്ത് കുടുംബവിവാദം അതിക്രൂരമായ അക്രമത്തില്‍ കലാശിച്ചു.
തിരുവനന്തപുരം: നാവായിക്കുളത്ത് ഞെട്ടിക്കുന്ന കുടുംബാതിക്രമം. ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായി പരാതി. കയ്പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യ മുനീശ്വരിയോട് (40) ക്രൂരത കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുനീശ്വരിയെ ഉടന്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ബിനു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
ഇയാളെ കണ്ടെത്താന്‍ കല്ലമ്പലം പൊലീസ് അന്വേഷണം ശക്തമാക്കി. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
india
സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകൂ, എന്തിനാണ് അവയെ കടിക്കാന്‍ വിടുന്നത്? – നായസ്നേഹികളോട് സുപ്രീംകോടതി
ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു.
ന്യൂഡല്‍ഹി: തെരുവ് നായ് വിഷയത്തിലെ കേസുകളില്‍ നടക്കുന്ന വാദത്തിനിടെ നായ് സ്നേഹികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒമ്പത് വയസ്സുകാരിയെപോലും തെരുവുനായ് ആക്രമിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ചോദിച്ചു. നായകള്‍ക്ക് ഭക്ഷണം നല്കുന്ന സംഘടനയാണോ ഉത്തരവാദയെന്നും ഇത്തരം പ്രശ്നങ്ങള്‍ക്കുനേരെ ഞങ്ങള്‍ കണ്ണടക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. നായ കടച്ചാലും അതു മൂലം മരിച്ചാലും അവര്‍ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാന്‍ വിടുന്നതെന്നും കോടതി ചോദിച്ചു.
എ.ബി.സി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. പിന്നാലെ എല്ലാ സംസ്ഥാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. നായകളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നല്കാന് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാറുകള്‍ക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി പറഞ്ഞു.
തെരുവുനായ വിഷയത്തില്‍ യാഥാര്‍ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നായസ്നേഹികളോട് നിര്‍ദേശിച്ചിരുന്നു.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
