News

ഇസ്രാഈല്‍ സൈന്യത്തില്‍ ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ധിക്കുന്നു;’ ആത്മഹത്യാ മഹാമാരി ‘ മുന്നറിയിപ്പുമായി പാര്‍ലമെന്റംഗം

By webdesk18

October 29, 2025

തെല്‍ അവീവ്: ഗാസ്സ യുദ്ധത്തിന്റെ ഭീകരതയും മാനസിക സമ്മര്‍ദ്ദവും പശ്ചാത്തലമായി ഇസ്രാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്)യിലെ സൈനികരില്‍ ആത്മഹത്യാ ശ്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്. 2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ 279 സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി കെനേസറ്റ് ഗവേഷണ-വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് സേവനത്തിലിരിക്കുന്ന സൈനികരുടെ കണക്കാണെന്നും, സേവനം പൂര്‍ത്തിയാക്കിയ വിമുക്തഭടന്മാരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ്സയിലെ നരമേധയുടെയും കൂട്ടക്കൊലകളുടെയും ദൃശ്യങ്ങള്‍, സഹപ്രവര്‍ത്തകരുടെ മരണങ്ങള്‍ തുടങ്ങിയവ സൈനികരില്‍ ഗൗരവമായ മാനസികാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നണ് കണ്ടെത്തല്‍. റിസര്‍വ് സൈനികരെ വലിയ തോതില്‍ യുദ്ധത്തിലേക്ക് നിയോഗിച്ചതും ആത്മഹത്യാ നിരക്ക് ഉയരാന്‍ കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു ആത്മഹത്യയ്ക്ക് പിറകില്‍ ശരാശരി ഏഴ് ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നതായും അതില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇടതുപക്ഷ പാര്‍ട്ടി ഹദാഷ് താല്‍ പാര്‍ലമെന്റംഗം ഓഫിര്‍ കാസിഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസിദ്ധീകരിച്ചതാണ്. ഐ.ഡി.എഫ് മെഡിക്കല്‍ കോര്‍പ്‌സിന്റെയും പാര്‍ലമെന്റ് കമ്മിറ്റി ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. 2024-ല്‍ ആകെ ആത്മഹത്യ ചെയ്തവരില്‍ 78% സൈനികര്‍ ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗാസ്സ ആക്രമണം തുടങ്ങുന്നതിന് മുന്‍പ് 2023-ല്‍ ഈ ശതമാനം 17 ആയിരുന്നു. അതായത് ആത്മഹത്യാ നിരക്ക് നാല്‍ മടങ്ങ് വര്‍ധിച്ചു. 2017 മുതല്‍ 2025 ജൂലൈ വരെ 124 സൈനികര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 68% നിര്‍ബന്ധിത സൈനിക സേവനത്തിലുമാണ്, 21% റിസര്‍വ് സര്‍വീസിലുമാണ്, 11% കരിയര്‍ സൈനികരുമാണ്. ആത്മഹത്യ ചെയ്തവരില്‍ വെറും 17% പേരാണ് മരണത്തിന് മുന്‍പ് രണ്ട് മാസത്തിനുളളില്‍ മനശ്ശാസ്ത്ര സഹായം തേടിയത്. സൈനികരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ നടപടി ശക്തമാക്കുമെന്ന് ഐ.ഡി.എഫ് അറിയിച്ചു. കമാന്‍ഡര്‍മാര്‍ക്കുള്ള പരിശീലനം വിപുലീകരിക്കാനും, മനശ്ശാസ്ത്ര വിദഗ്ധരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനുമാണ് പദ്ധതി.

‘ സൈന്യത്തിനുള്ളില്‍ ആത്മഹത്യാ മഹാമാരി പടരുകയാണ്; അടുത്ത മാസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകാം ‘ എന്ന് എം.പി ഓഫിര്‍ കാസിഫ് മുന്നറിയിപ്പ് നല്‍കി. ‘ മനുഷ്യജീവനേക്കാള്‍ വിലയുള്ളത് ഒന്നുമില്ല. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരിക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം. സര്‍ക്കാര്‍ സൈനികരെ യുദ്ധത്തിലേക്ക് തള്ളിയിട്ട്, പിന്നീട് അവരെ ഉപേക്ഷിക്കുന്നു, ‘ എന്നും അദ്ദേഹം വിമര്‍ശിക്കുന്നു.