തിരുവനന്തപുരം: ആര്യനാട് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണിയിലക്കടവ് മിഥുനിന്റെ ഭാര്യ ആദിത്യയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഇന്ന് രാവിലെ 9.30ഓടെയാണ് കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മിഥുനിന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികമായിരുന്നു ഇന്ന്. വാര്‍ഷികം ആഘോഷിക്കാനായി കേക്കും മറ്റു സാധനങ്ങളുമെല്ലാം ഓര്‍ഡര്‍ ചെയ്തിരുന്നത് ആര്യയായിരുന്നു. പിന്നീട് മുറിയിലേക്ക് പോയ ആദിത്യ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. അകത്തുനിന്ന് പൂട്ടിയിരുന്നു. മാതാപിതാക്കള്‍ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. അതോടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.

ഭര്‍ത്താവ് മിഥുന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഡ്രൈവറാണ്. പതിവു പോലെ ഇന്നും അദ്ദേഹം ജോലിക്കു പോയതായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.