സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി മരവിപ്പിച്ചു. കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.
2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐയായിരുന്ന കിരണ്‍ കുമാറുമായുള്ള വിവാഹം. 2021 ജൂണ്‍ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരണ്‍ കോളജിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2021 ജൂണ്‍ 2ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുകയും കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്‌തെന്ന് കോടതി കണ്ടെത്തി.
കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരള ഹൈകോടതിയിലുള്ള അപ്പീലില്‍ തീരുമാനമാകുന്നതുവരെ കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നിവ ആവശ്യപ്പെട്ടാണ് കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് കിരണ്‍ പ്രധാനമായും വാദിച്ചത്. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.