മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയുടെ വീട്ടിലും പരിശോധന നടത്തി. നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയ്ഡ്. റെയ്ഡിനുശേഷം മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയെ എന്‍സിബി കസ്റ്റഡിയിലെടുത്തു.

എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരന്‍ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിക്കും സാമുവല്‍ മിറാന്‍ഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്നാണ് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് കഞ്ചാവ് കഴിക്കുന്നത് തടയാന്‍ ശ്രമിച്ചതായും റിയ മുമ്പ് പറഞ്ഞിരുന്നു.