ചെന്നൈ: ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴിക്കെതിരെ ബി.ജെ.പി നേതാവ് എ.രാജയുടെ ട്വീറ്റ് വിവാദത്തില്‍. കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നാണ് രാജ ട്വീറ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജയുടെ വിവാദ ട്വീറ്റ്.

‘ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം.പിയാക്കിയ നേതാവിനോട് ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേശിന്‍രെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ അവരെ (മാധ്യമപ്രവര്‍ത്തകരെ) ഭയപ്പെടുത്തും, എന്നായിരുന്നു എച്ച്.രാജയുടെ ട്വീറ്റ്.

രാജക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്തുവന്നു. അവിഹിത സന്തതികള്‍ എന്നൊന്നില്ല. എല്ലാ കുട്ടികളും പൂര്‍ണമായും ന്യായപ്രകാരമുള്ളവര്‍ തന്നെയാണ്-ചിദംബരം ട്വിറ്ററില്‍ കുറിച്ചു.