ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി. ബാലകൃഷ്ണയെയാണ് തമിഴ്‌നാട് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കുടുംബത്തിലെ നാലുപേര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം പ്രതിപാദിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

പളനിസാമിയെ കൂടാതെ തിരുനെല്‍വേലി കലക്ടര്‍, നെല്ലായ് പൊലീസ് കമ്മീഷണര്‍ എന്നിവരെയും കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നു. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന പളനിസാമിയും കലക്ടറും പൊലീസ് ഉദ്യോഗസ്ഥനുമാണ് കാര്‍ട്ടൂണില്‍ വിഷയമായത്. കുട്ടിയുടെ ജീവന് വില നല്‍കാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ- അധികാര കേന്ദ്രങ്ങളെ കണക്കിന് വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

ഒക്ടോബര്‍ 24നാണ് ബാല തന്റെ ഫേസ് ബുക്ക് പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണ്‍ 12,000ത്തിലധികം പേര്‍ ഷെയര്‍ ചെയ്തിരുന്നു. വലിയ സാമൂഹിക പ്രാധാന്യമുള്ള കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന ബാലക്ക് ഫെയ്‌സ്ബുക്ക് പേജില്‍ 65000ത്തിലധികം ഫോളോവര്‍മാരുണ്ട്. ഇലക്ട്രോണിക് മാധ്യമം വഴി അശ്ലീലപ്രചരണം നടത്തിയതിന് ഐ.ടി ആക്ട് 67 ഉം അപവാദപ്രചാരണത്തിന് ഐ.പി.സി 501-ാം വകുപ്പുമാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും താഴ്ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്‌തെന്ന് കാട്ടി തിരുനെല്‍വേലി കലക്ടറാണ് പൊലീസില്‍ പരാതി നല്‍കിയത്. ബാലയുടെ അറസ്റ്റിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം 23നാണ് തിരുനെല്‍വേലി കലക്ടറുടെ ഓഫീസിന് മുന്നില്‍ കര്‍ഷക തൊഴിലാളി ഭാര്യയെയും രണ്ട് കുട്ടികളെയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.