Video Stories
‘സൂര്യചന്ദ്രന്മാര്‍’ അസ്തമിക്കുന്ന തമിഴകം
കെ.പി ജലീല്‍
ഭക്തകവി പൂന്താനത്തിന്റെ കാവ്യശകലത്തോടാണ് തമിഴകത്തിനിപ്പോള്‍ പഥ്യം. ‘രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ മാറില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍.’
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒരു സംസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും സ്റ്റിയറിങ് തിരിക്കാന്‍ കൂട്ടുനിന്ന, അതിന്റെ പിന്നിലൂടെ ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സ്വത്തും ആസ്തികളും ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ, ഏഴൈതോഴിയായി വാണ ഒരു നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വസതിയിലെയും സ്വകാര്യ ജീവിതത്തിലെയും കൈകാര്യകര്‍ത്രിയായ ഒരാള്‍ക്ക് യജമാനത്തിയുടെ വിയോഗത്തിന്റെ നാലാം മാസത്തില്‍ സര്‍വതും അടിയറവുവെച്ച് കീഴടങ്ങേണ്ടിവന്നിരിക്കുന്നു. ശശികല നടരാജന്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയൊന്നാകെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കുന്ന ഘട്ടത്തിലാണിപ്പോള്‍ തമിഴക രാഷ്ട്രീയം. നൂറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുപ്രീംകോടതി വിധി പ്രകാരം ശശികല ബംഗഌരു അഗ്രഹാര ജയിലിലേക്ക് പോയതെങ്കില്‍ രണ്ടുമാസത്തിനകം 1.3 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വം താന്‍ ഏല്‍പിച്ചുപോയ അനന്തിരവന്‍ ടി.ടി.വി ദിനകരന്‍ ഡല്‍ഹി ജയിലിലേക്ക് പോകുന്നത്.
ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തുനിന്ന് മൂന്നു മാസം മുമ്പ് പൊങ്ങിയ ശശികലയുടെ പടുകൂറ്റന്‍ കട്ടൗട്ടുകളെല്ലാം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അഴിച്ചുമാറ്റിയത് ചരിത്രത്തിലെ വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായി കാണണം. ദിനകരന്‍ എന്ന സൂര്യനും ശശികലയെന്ന ചന്ദ്രനും ഇല്ലാതാകുന്ന കാഴ്ചയാണ് അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലും തമിഴകത്തുതന്നെയും ഇപ്പോള്‍ ഉരുത്തിരിയുന്നത്.
അധികാര സോപാനത്തിലിരുന്നപ്പോള്‍ കൂടെയുള്ളവരെയെല്ലാം തന്റെയും കുടുംബാംഗങ്ങളുടെയും സുഖത്തിനുവേണ്ടി തള്ളിപ്പറയുകയും അവരെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്ത ശശികല നടരാജന് ദൈവം നല്‍കിയ ശിക്ഷയായാണ് ജനതയൊന്നടങ്കം ഈ കട്ടൗട്ട് മാറ്റലിനെ കാണുന്നത്. തന്റെ ജ്യേഷ്ഠത്തിയുടെ പുത്രന്‍ ടി.ടി.വി ദിനകരനും ഇതോടെ ജയിലറക്കുള്ളിലേക്ക് ആനയിക്കുന്നു എന്നതാണ് ചരിത്രത്തിലെ വിധിവൈപരീത്യം. ഭര്‍ത്താക്കളോ ബന്ധുസംസര്‍ഗമോ ഇല്ലാതിരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ കൈക്കലാക്കി ആര്‍ക്കുവേണ്ടിയാണോ ഇതുവരെയും താന്‍ ജീവിച്ചത് അവരുംകൂടി അഴിക്കുള്ളിലാകുന്ന അവസ്ഥ ശശികലക്ക് നിനക്കാന്‍ പോലുമാകില്ല.
ജയലളിത എന്ന നാലു തവണത്തെ മുഖ്യമന്ത്രിക്ക് മരണം തീരാവേദനയാകുമ്പോള്‍ അതിന് കാരണക്കാരിയാക്കിയത് ശശികലയാണെന്നതിന് തെളിവുകളേറെ നിരത്തപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുപോലും തങ്ങളുടെ ഇദയക്കനിയായ നേതാവിനെ കാണാന്‍ അന്ത്യനിമിഷം പോലും കഴിഞ്ഞില്ല എന്നിടത്താണ് ശശികലയുടെ പരാജയത്തിന്റെ ചവിട്ടുപടി യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. ജയയുള്ളപ്പോള്‍ അവരുടെ അവസാനകാലത്ത് രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ പ്രശ്‌നങ്ങളിലും അവസാനവാക്കായിരുന്നു ശശികല എന്ന അറുപതുകാരി. ഇവരുടെ നിയന്ത്രണത്തിലായിരുന്നു ജയലളിത എന്നുവരെ പറയപ്പെടുന്നുണ്ട്. അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലധികം കാലം വീട്ടില്‍ കഴിയേണ്ടിവന്നപ്പോള്‍ ശശികലയായിരുന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കുവരെ നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാം ജയയുടെ താല്‍പര്യമാണെന്നാണ് പക്ഷേ നേതാക്കളും അണികളുമെല്ലാം വിശ്വസിച്ചത്. എന്നാല്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിനം മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ പോലും തന്നെ പോലും ജയയെ കാണാന്‍ അനുവദിച്ചില്ല എന്ന് മറീനാ തീരത്തെ ജയയുടെ സമാധിക്കരികെ നിന്ന് മുഖ്യമന്ത്രി ഒട്ടക്കാര പനീര്‍ശെല്‍വം വിലപിച്ചത് രാജ്യവും രാഷ്ടട്രീയ വിദ്യാര്‍ഥികളും ഞെട്ടലോടെ കേള്‍ക്കുകയായിരുന്നു.
ജയയുടെ മരണത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിലാണ് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലൂടെ വലതു കാല്‍ വെച്ചുകയറിയത്. എന്നാലത് ഇടതുകാലായിരുന്നുവോ എന്നാണിപ്പോള്‍ സംശയിക്കപ്പെടുന്നത്. പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് ഒരു മാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല അണിയറയില്‍ നടത്തിയ നാടകമാണ് പനീര്‍ശെല്‍വം പൊളിച്ചടുക്കിയത്. പനീര്‍ശെല്‍വത്തെ അതിസാഹസമെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ക്ക് വൈകാതെ തന്നെ ശശികലയുടെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിരിക്കുന്നുവെന്നതാണ് കൗതുകകരം.
ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ രാധാകൃഷ്ണന്‍ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് സത്യത്തില്‍ അണ്ണാ ഡി.എം. കെയെ ഇപ്പോഴത്തെ ഐക്യത്തിലേക്ക് ആനയിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ രണ്ടുപേര്‍ വന്നതും രണ്ടില ചിഹ്നം തെരഞ്ഞെടുപ്പുകമ്മീഷന്‍ മരവിപ്പിച്ചതും പാര്‍ട്ടിക്കും നേതാക്കള്‍ക്കും വലിയ തിരിച്ചടിയായി. പണം കൊടുത്ത് വോട്ട് വാങ്ങിക്കൂട്ടാനാണ് ഔദ്യോഗിക പക്ഷം ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. അഞ്ചു കോടിയോളം രൂപ ദിനകരന്റെ വീട്ടില്‍ നിന്നും ഒരു മന്ത്രിയുടെ വസതിയില്‍ നിന്നുമായി കണ്ടെടുക്കപ്പെട്ടതാണ് ഔദ്യോഗിക പക്ഷത്തെയും ശശികലയെയും ഞെട്ടിച്ചു കളഞ്ഞത്. ഇതിനിടെ അഴിമതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും രണ്ടില ചിഹ്നം കിട്ടാന്‍ കോടികള്‍ മുടക്കാന്‍ ഇടനിലക്കാരന്‍ വഴി ദിനകരന്‍ ശ്രമിച്ചതും ശശികല പക്ഷത്തിന്റെ കരണത്തേറ്റ അടിയായിപ്പോയി. ചെയ്ത പാപങ്ങള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തമാണ് അറസ്റ്റിലൂടെ ദിനകരന്‍ എന്ന മുന്‍ രാജ്യസഭാംഗം അനുഭവിക്കാന്‍ പോകുന്നത്. ജയലളിത വളര്‍ത്തി വലുതാക്കിയ ശശികലയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമ്രാജ്യം പൊടുന്നനെ തരിപ്പണമാകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പാലു കൊടുത്ത കൈക്ക് കടിച്ച ദിനകരന് ജയയുടെ ആത്മാവിന്റെ പ്രതികാരമായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. രണ്ടു തവണ പാര്‍ട്ടിയില്‍ നിന്നും പോയസ്ഗാര്‍ഡനില്‍ നിന്നും ജയ പുറത്താക്കിയ ദിനകരനെയും ശശികലയെയും ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും അവരില്ലാതെ പാര്‍ട്ടി ഒരുമിച്ച് നീങ്ങാമെന്നുമാണ് പനീര്‍ശെല്‍വം പക്ഷം മുന്നോട്ടുവെക്കുന്ന ഫോര്‍മുല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പളനിസ്വാമി പക്ഷത്ത് ഇപ്പോള്‍ എം.പി തമ്പിദൂരൈയാണ്. തമ്പിദുരൈക്കും പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും മുഖ്യമന്ത്രി പദമോഹങ്ങളുണ്ട്. വെറും ഒരു കൊല്ലം മാത്രം പിന്നിടുന്ന സര്‍ക്കാരിനെ ഒരുമിച്ച് ഒത്തൊരുമയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഇനി അണ്ണാ ഡി.എം.കെയെയും ജയലളിതയെയും പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിനെയുമൊക്കെ സ്‌നേഹിക്കുന്ന അണികള്‍ക്ക് ചെയ്യാനുള്ളൂ. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് വരുത്തി അധികാരം പിടിക്കാന്‍ ഡി.എം.കെയുടെ സ്റ്റാലിനും തക്കം പാര്‍ത്തിരിക്കുന്നുണ്ട്. ഇരുപക്ഷവും ഒരുമിക്കുമ്പോള്‍ ശശികലയുടെ നാട്ടിലെ ജയിലിലേക്ക് വരാനുള്ള മോഹങ്ങളെല്ലാം ഇല്ലാതാകുകയാണ്. റിമോട്ട് ഭരണമെന്ന അപഖ്യാതി ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പിയാകട്ടെ അണ്ണാ ഡി.എം.കെ ഒരുമിക്കുന്നതില്‍ താല്‍പര്യം കാട്ടുന്നില്ല. ഇതിലെ ഒരു പക്ഷത്തെ അടര്‍ത്തിയെടുത്താല്‍ കുറച്ച് സീറ്റുകളെങ്കിലും വാങ്ങിച്ചെടുക്കാമെന്നാണ് അവരുടെ നോട്ടം. തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നാണ് ഭുവനേശ്വറില്‍ ചേര്‍ന്ന കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പനീര്‍ശെല്‍വം പക്ഷത്തെ പിടിക്കാന്‍ ബി.ജെ.പി സകല പണിയും പയറ്റുന്നുമുണ്ട്. ദിനകരന്റെ ആദായ നികുതി വകുപ്പ് കേസ് ബി.ജെ.പിയുടെ കൂടി പ്രത്യേക ശ്രദ്ധയോടെയാണെന്നാണ് ആരോപണം. ഇത് തള്ളിക്കളയാനും കഴിയില്ല. രണ്ടില കോഴക്കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ ഇടനിലക്കാരനെയും ബി.ജെ.പിയുടെ ചട്ടുകമാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. ഏതായാലും രാഷ്ട്രീയത്തില്‍ അധികാരമാണ് അന്തിമം എന്നതിനാല്‍ ഈ വക ഊഹാപോഹങ്ങളെയൊന്നും പൂര്‍ണമായും തള്ളിക്കളയാനുമാകില്ല. ദിനകരന്‍ അകത്താകുന്നതോടെ അണ്ണാ ഡി.എം.കെ അതിന്റെ അരനൂറ്റാണ്ടത്തെ ചരിത്രം പുതിയ രൂപത്തില്‍ തിരുത്തിയെഴുതപ്പെടുകയാണ്. താര രാഷ്ട്രീയത്തിന് വേരുള്ള ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇനിയാരാണ് മുഖ്യമന്ത്രി പദവിയിലേക്ക് ആനയിക്കപ്പെടുക എന്ന മില്യന്‍ ഡോളര്‍ ചോദ്യമാണ് ഇപ്പോള്‍ ഏവരും ഉയര്‍ത്തുന്നത്. എടപ്പാടി തുടരുമോ പനീര്‍ശെല്‍വം തിരിച്ചുവരുമോ തമ്പിദുരൈയോ വേറെയാരെങ്കിലുമായിരിക്കുമോ എന്ന ചോദ്യങ്ങളേക്കാള്‍ തമിഴ് രാഷ്ട്രീയത്തിന് നിര്‍ണായകം രാഷ്ട്രീയത്തിലെ താരമാരാകും ഇനിയെന്നാണ്. എം.ജി.ആര്‍ മരണപ്പെട്ട ഘട്ടത്തില്‍ ഇത്തരമൊരു അനിശ്ചിതത്വം തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. അത് 1987നുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് പുലര്‍ച്ചിത്തലൈവിയിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അത്രയും കാലത്തേക്കും തമിഴ് രാഷ്ട്രീയത്തിന് തല്‍കാലത്തേക്ക് വിവാദങ്ങളുടെ അകമ്പടി ഉണ്ടാകുമെന്ന് തീര്‍ച്ചയായും വിലയിരുത്താം.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
-
kerala3 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
News3 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala3 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
-
Video Stories2 days agoകടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
-
kerala2 days agoഎം സാന്‍ഡ്, മെറ്റല്‍ വിലയില്‍ കുതിപ്പ്; കരാറുകാര്‍ ആശങ്കയില്‍
-
kerala2 days agoഅടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം
-
kerala3 days agoകോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

