Connect with us

Video Stories

കൊറിയയില്‍ പടരുന്ന യുദ്ധഭീതി

Published

on

പശ്ചിമേഷ്യക്കൊപ്പം വടക്കുകിഴക്കേഷ്യയിലും യുദ്ധത്തിന്റെ ഇരുള്‍മേഘങ്ങള്‍ ഇരമ്പുകയാണിപ്പോള്‍. ഉപപ്രധാനമന്ത്രിയെ പൊതുയോഗത്തില്‍ ഉറങ്ങിപ്പോയതിന് വെടിവെച്ചുകൊന്ന കമ്യൂണിസ്റ്റു രാഷ്ട്രമായ ഉത്തരകൊറിയ, അണുബോംബ് നിര്‍മിക്കുകയും പരീക്ഷിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് യുദ്ധത്തിനുള്ള ഒരുക്കൂട്ടലുകള്‍ നടക്കുന്നത്. ദക്ഷിണ കൊറിയയുമായി അമേരിക്കക്കുള്ള ബന്ധം, അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെ അമേരിക്കയുടെ പൊലീസ് നയം, ചൈനയുമായി രാഷ്ട്രീയവും സൈനികവുമായി ഉത്തര കൊറിയക്കുള്ള അടുപ്പം തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായേക്കാവുന്ന ആശങ്കകളില്‍ പ്രധാനപ്പെട്ടവയായി മുഴച്ചുനില്‍ക്കുന്നത്. വിടുവായക്കാരനായ എഴുപത്തൊന്നുകാരന്‍ ഡൊണാള്‍ഡ് ട്രംപ് ഒരു വശത്തും മുപ്പത്തിമൂന്നുകാരനായ കിം ജോങ് ഉന്‍ എതിര്‍ഭാഗത്തുമെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം. അതിലുമേറെയാണ് അണ്വായുധം പ്രയോഗിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

‘തീര്‍ച്ചയായും വലിയ, വലിയ സംഘര്‍ഷ’മാണ് ഉത്തരകൊറിയയുമായി ഉണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും വന്‍ മാരക ശേഷിയുള്ള ബോംബുകളും മിസൈലുകളും വര്‍ഷിച്ച് താന്‍ മുന്‍ഗാമികളുടേതില്‍ നിന്ന് ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചുനില്‍ക്കുന്ന ട്രംപിന്റെ വാക്കുകളെ വെറും വീരസ്യമായി മാത്രം കാണാനാവില്ല. അണ്വായുധവും ബാലിസ്റ്റിക് മിസൈലുകളും കൈവശം വെക്കുകയും യുദ്ധത്തിന് തയ്യാറാണെന്ന് അറിയിപ്പ് നല്‍കുകയും അതനുസരിച്ച് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ഇല്‍ജുങ്ങിനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയ അമേരിക്കന്‍ ചേരിയില്‍ നിന്നുകൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കുമെന്നതു തീര്‍ച്ചയാണ്. ഇതൊരു ലോക യുദ്ധത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. യുദ്ധമുണ്ടായാല്‍ അത് വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചൈന തുറന്നുതന്നെ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. സാമ്പത്തിക ഉപരോധം വഴി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ട്രംപ് പറയുന്നതെങ്കിലും അതേ ശ്വാസത്തില്‍ തന്നെയാണ് വേണ്ടിവന്നാല്‍ സൈനിക ആക്രമണസാധ്യത തള്ളിക്കളയുന്നില്ലെന്ന് പറയുന്നതും. ലോകത്ത് ഇപ്പോള്‍ തന്നെ സിറിയയില്‍ രണ്ടു വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന യുദ്ധം വന്‍ ശക്തി രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിപുലമാകുകയും കുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിന് നിരപരാധികളുടെ മരണത്തിലേക്കും പലായനത്തിലേക്കും വഴിവെച്ചിരിക്കെ ഇനിയൊരു യുദ്ധത്തിനുകൂടി ലോകത്തിന് സാക്ഷ്യം വഹിക്കാനാകില്ല. യുദ്ധക്കൊതിയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന അമേരിക്കന്‍രീതി ഇക്കാര്യത്തിലെങ്കിലും ഇതിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അവര്‍ പിന്‍മാറേണ്ടതുണ്ട്.
ജനുവരിയില്‍ അധികാരമേറ്റയുടന്‍ നടത്തിയ പ്രസംഗത്തില്‍ അനാവശ്യമായി മറ്റു രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നു പ്രഖ്യാപിക്കുക വഴി സൈനിക കാര്യങ്ങളില്‍ ട്രംപിന്റെ വിദേശ നയം ഒട്ടെങ്കിലും പ്രശംസിക്കപ്പെടുകയുണ്ടായി. റഷ്യയുമായി അമേരിക്കക്കുണ്ടായിരുന്ന അകല്‍ച്ചയും ശീതസമരവും പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നുവെന്ന തോന്നലാണ് പുട്ടിനുമായി ട്രംപിന് പ്രത്യേകമായി ഉണ്ടായിരുന്ന ബന്ധം വെച്ച് ലോക ജനതക്കുമുമ്പാകെ ഉയര്‍ന്നത്. എന്നാല്‍ ചൈനയുമായി അത്രനല്ല ബന്ധമല്ല ട്രംപിനെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനം വടക്കന്‍ കൊറിയയുമായുള്ള ചൈനയുടെ അടുപ്പം തന്നെ. റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി യു.എന്നില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വടക്കന്‍ കൊറിയ പ്രശ്‌നം നിയന്ത്രണം വിടാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരിക്കുന്നത്. കിം ജുങ്ങിന്റെ അണ്വായുധ പരീക്ഷണമാണ് അമേരിക്കയെ ചൊടിപ്പിച്ചതെങ്കില്‍ ചൈനയും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അമേരിക്കന്‍ ഭരണകൂടം പറയുന്നു. ഉത്തര കൊറിയയുടെ സുപ്രധാന സഖ്യരാഷ്ടമാണ് ചൈന. ഐക്യരാഷ്ട്ര സഭയും ഉപരോധമടക്കമുള്ള മുന്നറിയിപ്പുകള്‍ ഉത്തര കൊറിയക്ക് നല്‍കിയിട്ടുമുണ്ട്. യുദ്ധ സന്നാഹങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും ഇനിയൊരു ആണവ പരീക്ഷണത്തിന് കിം സാഹസപ്പെടില്ലെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. അമേരിക്ക കൊറിയന്‍ ഉപദ്വീപിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയാ ഡിഫന്‍സ് (താഡ്) എന്ന അതിമാരകവും കൃത്യതയുള്ളതുമായ മിസൈല്‍ സാങ്കേതിക വിദ്യയാണ് അമേരിക്ക ഉപയോഗിക്കുന്നതെന്നാണ് വിവരം. ദക്ഷിണ കൊറിയയുടെ ഭാഗത്തേക്ക് ഇതിനകം ഈ മിസൈലുകള്‍ അയച്ചുകഴിഞ്ഞു. 200 കിലോമീറ്റര്‍ ദൂരപരിധിയിലും 150 കിലോമീറ്റര്‍ ഉയരത്തിലും മിസൈലുകളെ തകര്‍ക്കാന്‍ താഡിന് കഴിയും. ഇതുകൂടാതെ 9525 കിലോ വരുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബോംബാണ് അമേരിക്കയുടെ മറ്റൊരു തുറുപ്പുചീട്ട്. മാസീവ് ഓഡ്‌നന്‍സ് എയര്‍ബസ്റ്റര്‍ ബോംബ് എന്ന ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബു കഴിഞ്ഞാല്‍ ആണവേതര ഇനത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അഫ്ഗാനിലെ നാങ്കര്‍ഹാറില്‍ ഐ.എസ് പോരാളികള്‍ക്കുനേരെ ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച വര്‍ഷിച്ചതും. നൂറോളം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 1950-53 കാലത്ത് നടന്ന കുപ്രസിദ്ധമായ അമേരിക്ക-ഉത്തരകൊറിയ യുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബിങ്ങില്‍ ആ രാജ്യത്തിന്റെ കാല്‍ ശതമാനത്തിലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജപ്പാന്റെ നീണ്ട കാലത്തെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായ രാജ്യമാണ് കിം ഇല്‍സുങ്ങിന്റെ കൊറിയ. ലോകത്തെ വലിയ ഭീകര രാജ്യമായി പിന്നീട് ഇത് മുദ്രകുത്തപ്പെട്ടതിനു പിന്നില്‍ ശീത യുദ്ധ ശേഷമുള്ള അവരുടെ സ്വന്തമായ പ്രതിരോധ സന്നാഹങ്ങള്‍ കൊണ്ടായിരുന്നു. ഒരു സമയത്ത് കമ്യൂണിസ്റ്റ് ചേരി വിട്ട് ഇന്ത്യക്കൊപ്പം ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗമായ രാജ്യം കൂടിയായിരുന്നു ഉത്തര കൊറിയ. അതേതായാലും ഇറാഖിലും ക്യൂബയിലും ലിബിയയിലും ഇപ്പോള്‍ യമനിലും സിറിയയിലും അഫ്ഗാനിലും നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ സൈനിക നടപടികള്‍ ഇനിയുമൊരു രാജ്യത്തിനുമേല്‍കൂടി ചെന്നുപതിക്കരുത്. മാത്രമല്ല, ആണവമായാലും അല്ലെങ്കിലും ഇനിയൊരു യുദ്ധമെന്നത് സര്‍വതിന്റെയും നാശത്തിനാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്ന കാലമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending