ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതുവരെ നിശബ്ദത പാലിച്ച മുഖ്യപ്രതിപക്ഷം ഡിഎംകെ നേട്ടം കൊയ്യാന്‍ നീക്കം ശക്തമാക്കി. പളനിസ്വാമി സര്‍ക്കാറിനും എഐഎഡിഎംകെക്കുമെതിരെ ജനവികാരം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 22ന് നിരാഹാരസമരം നടത്തുമെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു. തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും രാഷ്ട്രപതിയെ നേരിട്ട് കണ്ട് വിശദീകരിക്കുമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്‌നാട് നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തില്‍ ഡിഎംകെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.