ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും മാത്രമാണിപ്പോള്‍ തായ്‌ലാന്‍ഡിന്റെ പ്രാര്‍ത്ഥനയില്‍. കോരിച്ചൊരിയുന്ന മഴയത്ത് ഗുഹയുടെ ഇരുട്ടിലേക്ക് പോയ അവര്‍ പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള താം ലുവാങ് ഗുഹാസമുച്ചയത്തിലെ ഏതെങ്കിലും ഒറ്റപ്പെട്ട ഭൂഗര്‍ഭ അറയില്‍ അവര്‍ ജീവനോടെ ഉണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. വനത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് ഗുഹയില്‍ വെള്ളം കയറിയതാണ് പുറത്തിറങ്ങാന്‍ സാധിക്കാതെ സംഘം കുടുങ്ങാന്‍ കാരണം. ദിവസങ്ങള്‍ അതിക്രമിക്കും തോറും കുട്ടികളുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തകരും ആശങ്കയിലാണ്.
ഒരാഴ്ചയയായി പ്രതീക്ഷ കൈവിടാതെ ഗുഹയുടെ ഇരുട്ടില്‍ ആ വിലപ്പെട്ട ജീവനുകള്‍ക്കുവേണ്ടി അവര്‍ അലയുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഗുഹക്കുള്ളില്‍ വെള്ളം കയറിയത് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഡ്രോണുകളും റോബോട്ടുകളും ഉപയോഗിച്ച് തെരച്ചില്‍ പുരോഗമിക്കുകയാണ്. ഗുഹയുടെ ചില ഭാഗങ്ങളിലേക്കുള്ള പ്രവേശന മാര്‍ഗം ഇടുങ്ങിയതായതിനാല്‍ എത്തിപ്പെടാന്‍ പ്രയാസമുണ്ട്. ശക്തിയേറിയ വാട്ടര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. കര, നാവിക സേനകള്‍ക്ക് പുറമെ അന്താരാഷ്ട്ര സംഘങ്ങളും തായ്‌ലന്‍ഡിനെ സഹായിക്കാന്‍ എത്തിയിട്ടുണ്ട്.
മലയുടെ മറ്റൊരു വശം തുരന്ന് കുട്ടികളിലേക്ക് എത്താനും ശ്രമം തുടരുകയാണ്. ഇതുവഴി ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് ചിത്രമെടുക്കാനും നീക്കമുണ്ട്. ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഗുഹക്കുള്ളിലേക്ക് അയച്ച് ചിത്രങ്ങള്‍ പകര്‍ത്തിയും മറ്റും ഫുട്‌ബോള്‍ സംഘവുമായി ബന്ധപ്പെട്ടാനാണ് ശ്രമിക്കുന്നത്. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള ഗുഹാസമുച്ചയത്തില്‍ കുട്ടികളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ മണം പിടിക്കാന്‍ കഴിവുള്ള നായകളെയും കൊണ്ടുവന്നിട്ടുണ്ട്.
ഭക്ഷണവും മാപ്പുകളും മൊബൈല്‍ ഫോണുകളും അടങ്ങിയ സര്‍വൈവല്‍ ബോക്‌സുകളും ഗുഹയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാണ് മറ്റൊരു നീക്കം. ബോക്‌സുകള്‍ കിട്ടിയാല്‍ വിവരം അറിയിക്കണമെന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജനറല്‍ പ്രയൂത് ചനോച്ച അപകടസ്ഥലം സന്ദര്‍ശിച്ചു.