Connect with us

kerala

കൊയിലാണ്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍

നെല്ല്യാടി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. നെല്ല്യാടി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ് മൃതദേഹമുള്ളത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

kerala

റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.

Published

on

റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കാനും ഡിജിപി നിര്‍ദേശിച്ചു. വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.

റോഡിന്റെ ഒരുവശത്തുകൂടി മാത്രമം ഘോഷയാത്രകള്‍ പോകുന്നുവെന്ന് ഉറപ്പാക്കണം. ഘോഷയാത്രകള്‍ കാരണം വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപി പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ റോഡ് തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

 

Continue Reading

kerala

അറുതിയില്ലാതെ വന്യമൃഗ ആക്രമണം

EDITORIAL

Published

on

ജീവന്‍കൈയ്യില്‍ പിടിച്ചാണ് മലയോര മേഖല ഓരോ നിമിഷവും തള്ളിനീക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നതും ജീവന്‍ തന്നെ പൊലിഞ്ഞുപോകുന്നതും സര്‍വ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. ഇഛാശക്തിയുടെ പര്യായമായി, ഒന്നുമില്ലായ്മയില്‍നിന്നും മണ്ണിനോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുത്തവര്‍ അതേമണ്ണില്‍ തന്നെ ഇന്ന് ജീവനും ജീവിതവും ഒരു പോലെ അനശ്ചിതത്വത്തിലായതിന്റെ പ്രയാസം പേറിക്കഴിയുകയാണ്. വന്യജീവികളുടെ കടിഞ്ഞാണില്ലാത്ത ആക്രമണത്തില്‍ പ്രിയപ്പെട്ടവരും സമ്പാദ്യവുമെല്ലാം ഒരുപോലെ നഷ്ടപ്പെട്ടുപോകുമ്പോള്‍ ജീവിതം തന്നെ അവരുടെ മുമ്പില്‍ ചോദ്യചിഹ്നമായി മാറുന്നു. നൂറുമേനി വിളഞ്ഞ ആ മണ്ണിന് ഇപ്പോള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളുടെയും മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയുമെല്ലാം കണ്ണീരിനാല്‍ ഉപ്പുരുചിയായിത്തീര്‍ന്നിരിക്കുകയാണ്. ഇന്നലെ മാനന്തവാടിക്കടുത്തുണ്ടായ ദാരുണമായ സംഭവം ഭീതിതവും ദുഖകരവുമായ ഈ സാഹചര്യത്തിന്റെ നഖചി ത്രമായിത്തീര്‍ന്നിരിക്കുകയാണ്.

പട്ടാപ്പകല്‍ കാപ്പിപറിക്കാന്‍ പോയ യുവതിയെയാണ് കടുവ ആക്രമിക്കുന്നതും തലയുള്‍പ്പെടെ ശരീരത്തിന്റെ പാതി തിന്നുതീര്‍ത്തതും. ഇതേ സമയത്തുതന്നെ തൊട്ടടുത്ത് ജോലിചെയ്യുന്ന തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധവും, ഉന്നയിക്കുന്ന ആവശ്യങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും എത്ര നിസാരമായും നിസംഗതയോടെയുമാണ് വന്യമ്യഗ ആക്രമണ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്ന്. ‘ഞങ്ങള്‍ക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനം വകുപ്പ് കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്തുവിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തില്‍ നിന്ന് ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാരണ കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാള്‍ വില മൃഗങ്ങള്‍ക്കാണ് നല്‍കുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടും ഒരുകുഴപ്പവുമില്ല’. ഇതായിരുന്നു അവരുയര്‍ത്തിയ പ്രതിഷേധത്തിന്റെ കാതല്‍. പാവപ്പെട്ട ഈ മനുഷ്യര്‍ ആക്രമണത്തിന് വിധേയമാക്കപ്പെടുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ മുതലക്കണ്ണിരൊഴുക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയുമല്ലാതെ ശാശ്വതമായ പരിഹാര നടപടികളൊന്നുമുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. കേന്ദ്ര- കേരള സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുമ്പോള്‍ മലയോര മക്കളുടെ ദുരിതം അറുതിയില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ നിസംഗ സമീപനത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്നലെ മാനന്തവാടിയില്‍ കാണാനിടയായത്. നാട്ടുകാരനായ മന്ത്രിതന്നെ ജനരോഷത്തിനിരയാകേണ്ടിവരുമ്പോള്‍ വെറും വാക്കുകളല്ല, ശക്തമായ നടപടികളാണ് തങ്ങളാഗ്രഹിക്കുന്നതെന്നാണ് അവര്‍ വിളംബരം ചെയ്യുന്നത്. വയനാടെന്നോ, ഇടുക്കിയെന്നോ, പത്തനംതിട്ടയോന്നോ എന്നൊന്നുമുള്ള വ്യത്യാസങ്ങളില്ലാതെ കേരളം ഒന്നടങ്കം അനുഭവിക്കുന്ന വന്യജീവി ആക്രമണത്തിന്റെ ഭീതിതമായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട കണക്കുകളില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാനാവും. 2021 മുതല്‍ 2024 ജൂലൈ വരെ മൂന്നര വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 316 പേരാണെന്ന് കേന്ദ്ര വനംവകുപ്പ് പറയുന്നു. 3695 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. 1844 വളര്‍ത്തുമൃഗങ്ങളേയും വന്യജീവികള്‍ കൊന്നു തിന്നു. 20,006 കൃഷിയിടങ്ങളിലെ വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ കാണാം. 2021-22 കാലഘട്ടത്തില്‍ 114 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 758 പേര്‍ക്ക് പരിക്കേറ്റു. 514 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 6580 കൃഷിയിടങ്ങളില്‍ വിളനാശം സംഭവിച്ചു. 2022-23 ല്‍ 98 മരണമുണ്ടായി. 1275 പേര്‍ക്ക് പരിക്കേറ്റു. 637 വളര്‍ത്തുമൃഗങ്ങളാണ് അക്രമത്തിനിരയായത്. 6863 കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. 2324 ല്‍ 94 പേര്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 1603 പേര്‍ക്ക് പരിക്കേറ്റു. 633 വളര്‍ത്തുമ്യഗങ്ങള്‍ ചത്തു. 6108 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടായി. 2024 ജൂലൈ വരെ 10 പേരെയാണ് വന്യജീവികള്‍ കൊലപ്പെടുത്തിയത്. 59 പേര്‍ക്ക് ആക്രമണത്തിനിരയായി പരിക്കേറ്റു. 60 വളര്‍ത്തു മൃഗങ്ങള്‍ ചാകുകയും 455 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടാക്കുകയും ചെയ്തതായാണ് കേന്ദ്രവനംവകുപ്പിന്റെ ക ണക്കിലുള്ളത്.

കൃഷിയും കൃഷിഭൂമിയുമെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടോടുന്ന അവസ്ഥയിലാണ് മലയോര നിവാസികള്‍ ഇന്നുള്ളത്. തൊലിപ്പുറത്തുള്ള ചികിത്സക്കുപകരം മൃഗങ്ങള്‍ കാടുവിട്ടിറങ്ങാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാറിന്റെറെ കണ്ണുതുറപ്പിക്കുകയെന്ന ലക്ഷ്യവുമായി യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മലയോര സമര യാത്രക്ക് ഇന്ന് തുടക്കമാകുമ്പോള്‍ മലയോര നിവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണുന്നത്.

 

Continue Reading

kerala

മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം; ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും

ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി.

Published

on

ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി. മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷയില്‍ പതിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനം. അതേസമയം ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും.

അടുത്തമാസം ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. മാത്രമല്ല, വാഹനമോടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നല്‍കുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശവും യോഗം ശുപാര്‍ശ ചെയ്തു.

ഡ്രൈവര്‍ ഉറങ്ങി പോകുന്നുന്നുണ്ടെന്ന് കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന കാമറകള്‍ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോര്‍ഡില്‍ കാമറകള്‍ സ്ഥാപിക്കും. കൂടാതെ ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ കര്‍ട്ടന്‍ നിര്‍ബന്ധമാക്കും.

 

 

Continue Reading

Trending