ദോഹ: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ ദാരുണ മരണത്തിന് കാരണക്കാരനായ
സര്‍വ്വേ ഡയരക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം ആവശ്യപ്പെട്ടു.
വെങ്കിട്ടരാമനാണ് അമിത വേഗത്തില്‍ വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയിട്ടുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഐ എ എസ് ഓഫീസറെ രക്ഷിച്ചെടുക്കാനുള്ള പ്രയത്‌നമാണ് കാണുന്നത്. ഉന്നതര്‍ ചെയ്യുന്ന കുറ്റങ്ങള്‍ തെളിയിക്കപ്പെടാതിരിക്കുന്ന സാഹചര്യം കൂടുതല്‍ അരാജകത്വത്തിലേക്ക് നാടിനെ നയിക്കുമെന്ന് അധികാരികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ബഷീറിന്റെ മരണത്തോടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും മറ്റുമടങ്ങുന്ന പാവപ്പെട്ട കുടുംബമാണ് അനാഥമായത്. കുടുംബത്തെ സഹായിക്കാനും യഥാര്‍ത്ഥ അന്വേഷണം നടത്തി കുറ്റവാളിയെ ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് അശ്‌റഫ് തൂണേരി, ജനറല്‍സെക്രട്ടറി ഐ എം എ റഫീഖ്, ട്രഷറര്‍ മുഹമ്മദ് ഷഫീഖ് അറക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബഷീറിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് അനുശോചനം അറിയിക്കുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.