kerala

മദ്യ വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ നടപടി ദുരൂഹം; വി.ഡി സതീശന്‍

By nazmiya nazreen

January 27, 2025

മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യ കമ്പനികള്‍ക്ക് കൊള്ളലാഭം നേടുന്നതിനായി 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. ഇതില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില 10 രൂപ മുതല്‍ 50 രൂപ വരെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വില വര്‍ധിപ്പിച്ച മദ്യത്തിന്റെ പട്ടികയില്‍ മദ്യ നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി അനുമതി നല്‍കിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതിനു മുന്‍പ് മദ്യ കമ്പനികളുടെ ആവശ്യാനുസരണം വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില വര്‍ധിപ്പിച്ചണ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ല. മദ്യവില വര്‍ധിപ്പിച്ചതുകൊണ്ട് ഉപഭോഗം കുറയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തില്‍ കുറവ് വരുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമാകും ഇതിന്റെ ഇരകളായി മാറുന്നത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.