ആര്യനാട് പോലീസ് സ്‌റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആള്‍ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

പങ്കാളിയെ കാണാനില്ലെന്ന പരാതി ഉന്നയിച്ച് എത്തിയ ഇയാള്‍ സ്‌റ്റേഷന് പുറത്ത് പോകുകയും ശേഷം പെട്രോളുമായി എത്തി ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

പാലോട് പച്ച സ്വദേശി ഷൈജു, റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആര്യനാട് കോട്ടക്കകം സ്വദേശിനിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ പരാതി കൊല്ലം പുത്തൂര്‍ സ്‌റ്റേഷനിലും നല്‍കിയിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതിയുടെ ഇഷ്ടാനുസരണം  സഹോദരനൊപ്പം പൊകാന്‍ അനുവാദം നല്‍കിയിരുന്നു. അന്ന് പുത്തൂര്‍ സ്‌റ്റേഷനില്‍ ആത്മഹത്യാ ഭീഷണി നടത്തിയ പ്രതിയെ അനുനയിപ്പിച്ചായിരുന്നു വിട്ടത്. അതിന് പിന്നാലെയാണ് ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതും ആത്മഹത്യക്ക് ശ്രമിച്ചതും.