News

‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടം’; നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച് യുഎന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയ ചിത്രം പങ്കുവെച്ച് ഖാംനഇ

By webdesk17

September 27, 2025

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേിച്ച് യുഎന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയ ചിത്രം പങ്കുവെച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. കഴിഞ്ഞ ദിവസം നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100ലേറെ പ്രതിനിധികള്‍ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തിയിരുന്നു.

നെതന്യാഹുവിനെ ബഹിഷ്‌കരിച്ച യുഎന്‍ സഭയുടെ ചിത്രം പങ്കുവെച്ച് ‘ഇന്ന്, ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ടതും ഒറ്റപ്പെട്ടതുമായ ഭരണകൂടമാണ് ദുഷ്ട സയണിസ്റ്റ് ഭരണകൂടം’ എന്നാണ് ഖാംനഇ കുറിച്ചത്. അറബ്, മുസ്ലിം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി നെതന്യാഹുവിന്റെ പ്രസംഗം കേള്‍ക്കാന്‍ തയ്യാറാവാതെ ഇറങ്ങിപ്പോവുകയായിരുന്നു.

ബഹിഷ്‌കരണത്തെ തുടര്‍ന്നും പ്രസംഗിച്ച നെതന്യാഹു ഗസ്സയിലെ ആക്രമണങ്ങളെ യുഎന്നില്‍ ന്യായീകരിച്ചു. ഹമാസിന്റെ ഭീഷണി അവസാനിക്കും വരെ യുദ്ധം തുടരുമെന്നും ഇറാന്‍ ഭീഷണിയാണെന്നും വരും വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റ് പൂര്‍ണമായും പുതിയ രൂപത്തിലാകുമെന്നും നെതന്യാഹു പറഞ്ഞു.

ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ഭയന്ന്, നെതന്യാഹു അമേരിക്കയിലേക്ക് പറന്നത് തന്നെ യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയായിരുന്നു. ഗസ്സ കുറ്റകൃത്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.