കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന മോഹന്‍ലാലിനെതിരായ പരാതിയില്‍, കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിന് സ്വര്‍ണവായ്പ എന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച് പണയ സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.
മോഹന്‍ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാല്‍ സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തില്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവിലുണ്ട്.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നേരത്തെ മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.