kerala
എസ്.ഐ.ആര്‍: മുസ്‌ലിംലീഗ് ജാഗ്രതാ ക്യാമ്പുകള്‍ ഇന്ന്
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്.
കോഴിക്കോട്: എസ്.ഐ.ആര്‍ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താന്‍ മുസ്‌ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ ഇന്ന് വൈകുന്നേരം 7 മണി മുതല്‍ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാര്‍ട്ടി പ്രതിനിധികളും ബി.എല്‍.എമാരും ഒരുമിച്ച് കൂടി വോട്ടര്‍ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേര്‍ക്കാനും അനധികൃതകമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അവരവരുടെ പഞ്ചായത്തുകളില്‍ പങ്കെടുക്കണം.
എസ്.ഐ.ആര്‍ സംബന്ധിച്ച ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓര്‍ഡിനേറ്റര്‍മാര്‍ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടര്‍ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാ ഫോമുകളും വിശദമായ നിര്‍ദേശങ്ങളും ജില്ലാ കമ്മറ്റികള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങിലെ നേതാക്കള്‍ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടര്‍ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകള്‍ക്ക് ശേഷം വരുന്ന വോട്ടര്‍ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം എന്ന നിലയില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
kerala
യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിപ്പ്
കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോട്ടയം: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 88ഓളം ഉദ്യോഗാർത്ഥികളിൽ നിന്ന് ഏകദേശം 10 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ രംഗത്ത്. കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രതിയും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി ജോലി ഉറപ്പാക്കിയതിന് ശേഷമാണ് പണം ഈടാക്കിയതെന്ന് അവർ ആരോപിച്ചു. ആദ്യം അഡ്വാൻസായി പണം ആവശ്യമില്ലെന്ന് വിശ്വസിപ്പിച്ച ശേഷം വിദേശ വനിതയെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തുകയും, വിജയിച്ചുവെന്ന അറിയിപ്പിനൊപ്പം വ്യാജ യു.കെ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും ഓഫർ ലെറ്ററും നൽകുകയും ചെയ്ത ശേഷമാണ് പണം വാങ്ങിയതെന്നും ഇരകൾ വ്യക്തമാക്കി.
പ്രതിക്കെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും മംഗളാപുരത്തുമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ ദുബായിലേക്ക് കടന്നതായാണ് സംശയമെന്നും അവർ പറഞ്ഞു. പ്രതിയുടെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനിയാണെന്നും, അവധി കഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും നേരിൽ കാണാൻ ശ്രമിച്ചപ്പോൾ ഒളിവിലാണെന്നും ഇരകൾ ആരോപിച്ചു.
പ്രതിയെ നാട്ടിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തട്ടിയെടുത്ത പണം തിരികെ ലഭിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരകൾ വാർത്താസമ്മേളനം നടത്തിയത്. കെ. ഷിബു, ദിനൂപ്, എൽദോ മാർക്കോസ്, അജോ ഡോൾഫി, ജോമൽ, റെജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
kerala
സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റി താരം; പ്രീമിയർ ലീഗിൽ ആഴ്സനൽ–ലിവർപൂൾ ഗോൾരഹിത സമനില
26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം പൂർത്തിയായത്. 26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
രണ്ടര വർഷം മുൻപ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്ന് ബോൺമൗത്തിലേക്ക് എത്തിയ സെമന്യോ, ക്ലബിനായി 101 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതിനകം 10 ഗോളുകൾ സ്വന്തമാക്കി. അടിസ്ഥാനപരമായി വിങ്ങറായ സെമന്യോ, മുൻനിരയിൽ ഏത് സ്ഥാനത്തും കളിക്കാൻ കഴിവുള്ളവനാണ്. ഇരുകാലുകളും ഒരുപോലെ ഫലപ്രദമായി ഉപയോഗിച്ച് ഷോട്ടുകൾ തൊടുക്കുന്നതാണ് പ്രത്യേകത.
ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സെമന്യോയുടെ മുൻഗണന സിറ്റിക്കായിരുന്നു. എർലിങ് ഹാലൻഡ്, ബെർണാഡോ സിൽവ, ഫിൽ ഫോഡൻ, ജെറമി ഡോകു, ഓസ്കാർ ബോബ്, സാവിന്യോ, ഒമർ മർമൗഷ് എന്നിവർക്കൊപ്പം ചേർന്നതോടെ സിറ്റിയുടെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തേറുമെന്നാണ് വിലയിരുത്തൽ.
ആഴ്സനലിനെ പിടിച്ചുകെട്ടി ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ നാലാം സ്ഥാനത്തുള്ള ലിവർപൂൾ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും വ്യക്തമായ മുൻതൂക്കം നേടാനായില്ല.
ജയിച്ചിരുന്നെങ്കിൽ ലീഡ് എട്ട് പോയിന്റാക്കി ഉയർത്താമായിരുന്ന മത്സരത്തിലാണ് മൈക്കൽ ആർട്ടേറ്റയുടെ ടീം സമനിലയിൽ ഒതുങ്ങിയത്. ആഴ്സനലിന് മത്സരത്തിൽ നേരിയ ആധിപത്യമുണ്ടായിരുന്നെങ്കിലും ഒമ്പത് ഗോൾശ്രമങ്ങളിൽ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിനടുത്തെത്തിയത്. സ്വന്തം മൈതാനത്ത് നാല് വർഷത്തിനിടെ ഗണ്ണേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഗോൾശ്രമം കൂടിയായിരുന്നു ഇത്.
ലിവർപൂളിന്റെ ആക്രമണവും ഫലപ്രദമായില്ല. എട്ട് ശ്രമങ്ങളിൽ ഒന്നും ലക്ഷ്യം കണ്ടില്ല. റൈറ്റ് ബാക്ക് കോണർ ബ്രാഡ്‍ലിയുടെ ചിപ്പ് ബാർ തട്ടിമടങ്ങിയതാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം.
21 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആഴ്സനൽ 49 പോയിന്റുമായി ഒന്നാമതും, മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺവില്ലയും 43 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. ലിവർപൂൾ 35 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു.
Film
വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും നിയമപ്രതിസന്ധിയിൽ. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡ് സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും.
ഇന്ന് രാവിലെ തന്നെ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ വിധിക്ക് പിന്നാലെ സെൻസർ ബോർഡ് അപ്പീൽ നൽകിയതോടെയാണ് ചിത്രം വീണ്ടും തടസ്സത്തിലായത്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കാമെന്നും മതവികാരം വ്രണപ്പെടുത്താമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ഈ വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് അടിയന്തര സ്റ്റേ ഉത്തരവിട്ടത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയിലായിരുന്നു. സ്റ്റേ ഉത്തരവ് ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തി. വിദേശ രാജ്യങ്ങളിലടക്കം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകേണ്ടി വരുന്നതോടെ നിർമാതാക്കൾക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നിർമാണ കമ്പനിയുടെ തീരുമാനം. അതേസമയം, സമാനമായ സെൻസർ പ്രശ്നങ്ങൾ നേരിട്ടിരുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതും ശ്രദ്ധേയമാണ്. നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ തയ്യാറായതോടെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
‘ജനനായകൻ’ നിയമപോരാട്ടത്തിൽ കുടുങ്ങിനിൽക്കുമ്പോൾ മറ്റൊരു സിനിമയ്ക്ക് അനുമതി ലഭിച്ചതിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്ന ആരോപണവും വിജയ് ആരാധകർ ശക്തമാക്കുന്നുണ്ട്.
-
kerala3 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു
-
india3 days agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala3 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാല്‍
-
india3 days agoമണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി
-
india3 days agoഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍
-
india3 days agoതുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാന് അമാനത്തുള്ള ഖാന് എംഎല്‍എ
