kerala

കടുവക്കഥ പൊളിഞ്ഞു; പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് യുവാവ് സമ്മതിച്ചു

By webdesk17

March 05, 2025

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ കണ്ടെന്ന് യുവാവിന്റെ വ്യാജ അവകാശ വാദം. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയോട് യുവാവ് സമ്മതിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ വനം വകുപ്പ് പൊലീസില്‍ പരാതി നല്‍കി.

കരുവാരക്കുണ്ടില്‍ ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപ കടുവയെ കണ്ടെന്നാണ് കരുവാരകുണ്ട് സ്വദേശി ജെറിന്‍ പറഞ്ഞത്. കടുവ ആക്രമിക്കില്ലെന്ന് തോന്നിയതോടെ വാഹനം നിര്‍ത്തി കടുവയുടെ ദൃശ്യം പകര്‍ത്തിയെന്നും കടുവ കാട്ടിലേക്ക് മറിഞ്ഞതോടെ യാത്ര തുടര്‍ന്നെന്നും യുവാവ് പറഞ്ഞു.

കരുവാരക്കുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നില്‍ യുവാവ് അകപ്പെട്ടെന്നായിരുന്നു പ്രചാരണം.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വിഡിയോ യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നില്ല.

സുഹൃത്തിനോടൊപ്പം ജീപ്പില്‍ മലയിലേക്കു പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ജീപ്പ് നിര്‍ത്തി ഗ്ലാസ് തുറന്നാണ് ദൃശ്യം പകര്‍ത്തിയതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വിഡിയോ പകര്‍ത്തിയതെന്നും ജെറിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്.