സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍. ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാനാകില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും. അനുകൂല തീരുമാനം ഇല്ലെങ്കില്‍ പതിമൂന്നിന് മാസ്റ്റേഴ്‌സ് പ്രദര്‍ശിപ്പിക്കേണ്ടെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

തീയറ്ററുകള്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം നിലപാട് സ്വീകരിച്ചിരുന്നു. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തീയറ്ററുകള്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു.