X

‘കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ടാണ് ഈ നേട്ടങ്ങള്‍ ഉണ്ടായതെന്നാണ് ചിലരുടെ തെറ്റിദ്ധാരണ’; മോദിക്ക് പരോക്ഷ മറുപടിയുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ആദരമര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച ഖര്‍ഗെ, ചിലര്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി മാത്രമേ രാജ്യത്ത് പുരോഗതിയുള്ളൂ എന്നു പറയുന്നതായി ആരോപിച്ചു. ഡല്‍ഹിയില്‍ ഇന്നുനടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വിട്ടുനിന്നിരുന്നു. രാജ്യനിര്‍മാണത്തിന് മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഖാര്‍ഗെയുടെ സ്വാതന്ത്രദിന സന്ദേശം.

”നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെയും ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെയും സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളുള്‍പ്പെടെ ഭീഷണയിലാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ ഭരണകൂടം പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരികയാണ്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കം ടാക്‌സ് വകുപ്പ് എന്നിവയെ ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്നു. തിരഞ്ഞെടുപ്പു കമ്മിഷനെ പോലും ദുര്‍ബലമാക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്” ഖര്‍ഗെ വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

സ്വാതന്ത്ര്യാനന്തരം നെഹ്‌റു സര്‍ക്കാര്‍ രൂപം നല്‍കിയ ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ് എന്നിവ രാജ്യത്തെ യുവാക്കള്‍ക്കു പുതിയ പ്രതീക്ഷ നല്‍കി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും ഇന്ത്യയെ സ്വയംപര്യാപ്തമാക്കി. നിലവിലെ സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിമാരുടെ പദ്ധതികള്‍ പുതിയ പേരില്‍ അവതരിപ്പിക്കുകയാണ്. പരാജയം മറയ്ക്കാന്‍ അവര്‍ പുതിയ പേരുകള്‍ നല്‍കുന്നു. നേരത്തെ അവര്‍ നല്ലദിനം (അച്ചേ ദിന്‍) വരുമെന്നും പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ) വരുമെന്നും പറഞ്ഞു. ഇപ്പോള്‍ അമൃത കാലത്തെ കുറിച്ച് സംസാരിക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

 

webdesk14: