india

ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവുമില്ല: ബിസിസിഐ

By webdesk14

December 28, 2025

മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ‌ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കി. അതോടെ ​ഗൗതം ​ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു.

ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതോടെയാണ് ​ഗൗതം ​ഗംഭീർ ടെസ്റ്റ് പരിസീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്ന വാർത്തകൾ ശക്തമായത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ 12 വർഷങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയിരുന്നു. തുടർന്ന് ബോർഡർ ​ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതെയായത്. ദക്ഷിണാഫ്രിക്കയോടുള്ള പരാജയത്തോടെ 2025-27 ലേക്കുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.