മുംബൈ: ഡല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ രാജ്യത്ത് കോവിഡ് പരത്തിയെന്ന വാദങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച പരാമര്‍ശം നടത്തിയത്. കോവിഡ് പടരാന്‍ സാധ്യതയുള്ള ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടെന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെയും ബോംബെ ഹൈക്കോടതി തബ്‌ലീഗ് ജമാഅത്തിനെ ബലിയാടാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 29 വിദേശികള്‍ക്കെതിരെ ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.

അതേസമയം കോവിഡ് രാജ്യത്ത് വന്‍ തോതില്‍ പടര്‍ന്നതില്‍ തബ്‌ലീഗ് സമ്മേളനം കാരണമായെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി കിശന്‍ റെഡ്ഢിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.