മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈലായിരുന്നു അന്ത്യം. ഓസ്‌ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചു. ക്രിക്കറ്റ് കമന്റേറ്ററായും അവതാരകനായും തിളങ്ങി. ഐപിഎല്‍ കമന്റേറ്ററായാണ് മുംബൈയിലെത്തിയത്‌.

1984 മുതല്‍ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഡീന്‍ ജോണ്‍സ്. 1984 ജനുവരി 30ന് അഡ്ലെയ്ഡില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഇതേ വര്‍ഷം തന്നെ മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ടെസ്റ്റ് അരങ്ങേറ്റവും നടത്തി. 1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിടവാങ്ങല്‍. 1992 സെപ്റ്റംബറില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം കളിച്ചത്.

ടെസ്റ്റില്‍ 89 ഇന്നിങ്‌സുകളില്‍നിന്ന് 46.55 ശരാശരിയില്‍ 3631 റണ്‍സ് നേടി. ഇതില്‍ 11 സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 216 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തില്‍ 161 ഇന്നിങ്‌സുകളില്‍നിന്ന് 44.61 ശരാശരിയില്‍ 6068 റണ്‍സ് നേടി. ഇതില്‍ ഏഴു സെഞ്ചുറികളും 46 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.