തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജാഗ്രതാ യാത്രയില്‍ പരസ്യ വെല്ലുവിളി നടത്തിയ മന്ത്രി തോമസ്ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതായാണ് വിവരം. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി തോമസ്ചാണ്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രസ്താവന നടത്തരുതെന്ന് മുഖ്യമന്ത്രി ചാണ്ടിക്ക് താക്കീത് നല്‍കി.

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞദിവസം ജനജാഗ്രതാ മാര്‍ച്ചിനിടെയുണ്ടായ പരാമര്‍ശത്തിലും സിപിഎം നേതാക്കള്‍ക്ക് അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാനുള്ള സിപിഎം തീരുമാനം ഉണ്ടാവുന്നത്.

കഴിഞ്ഞ ദിവസം ജനജാഗ്രതയാത്ര ആലപ്പുഴയിലെത്തിയപ്പോഴാണ് തോമസ്ചാണ്ടിയുടെ വെല്ലുവിളിയുണ്ടായത്. താനൊരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നുമായിരുന്നു വെല്ലുവിളി. എന്നാല്‍ ഇതിന് മറുപടിയുമായി അതേ വേദിയില്‍ തന്നെ കാനം രാജേന്ദ്രനും രംഗത്തെത്തി. വെല്ലുവിളിക്കാനോ എതിര്‍ക്കാനോ അല്ല ജാഥ നടത്തുന്നതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. വെല്ലുവിളി ആര്‍ക്കും നടത്താമെന്നും അതിനെക്കുറിച്ച് മറുപടി നല്‍കേണ്ടത് തോമസ് ചാണ്ടിയാണെന്നും കാനം പിന്നീട് പ്രതികരിച്ചു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശാസനയുണ്ടാവുന്നത്.