തിരുവനന്തപുരം: നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ പെട്ടെന്നുള്ള നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണിതെന്നും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

നടപടി കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ല. കള്ളപണം കെട്ടുകളാക്കി ചാക്കില്‍ വെച്ചിരിക്കുകയാണെന്ന മോദിയുടെ വിചാരം അസംബന്ധമാണ്. കള്ളപ്പണം സ്വര്‍ണമായോ ഭൂമിയായോ ആണ് ഇന്ത്യയിലെ ആളുകള്‍ ശേഖരിച്ചു വെക്കുന്നത്. നോട്ടായി സൂക്ഷിക്കുന്നവര്‍ വളരെ കുറഞ്ഞ പേര്‍ മാത്രമാണ്. എന്നാല്‍ പുതിയ നടപടി ഉത്പാദന മേഖലയില്‍ എത്ര നഷ്ടമുണ്ടാകുമെന്നും അറിയില്ല. സമ്പദ്ഘടന ബ്രേക്കിട്ട് നിര്‍ത്തിയ അവസ്ഥയിലാക്കിയെന്നും ഇത് എന്ന് വീണ്ടും ചലിച്ചുതുടങ്ങുമെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുമ്പ് പലരാജ്യങ്ങളും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നിമിഷങ്ങള്‍ക്കകം നോട്ടുകള്‍ അസാധുവാക്കുകയല്ല അവര്‍ ചെയ്തത്. ജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റാന്‍ സമയം നല്‍കിയിട്ടുണ്ട്. കളളനോട്ടുകള്‍ പിടിക്കുകയാണ് സര്‍ക്കാറിന്റെ ഉദ്ദേശമെങ്കില്‍ ഈ നാടകത്തിന്റെ ആവശ്യമില്ലായിരുന്നെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ഒരു അവധി നല്‍കി അതിനു ശേഷം പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന അറിയിപ്പ നല്‍കുന്ന വളരെ എളുപ്പമായ നടപടി മതിയായിരുന്നെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ നടപടി സഹിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. ഭ്രാന്തമായ തീരുമാനമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.