മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ നടപ്പാക്കിയ അജ്മല്‍ കസബിന്റെ മരണവാര്‍ഷികം ആഘോഷിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ വിചാരണ നടപടികള്‍ കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പക്കാണമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
നിരപരാധികളായി ഒരുപാട് പേരുടെ ജീവന്‍ എടുത്ത അജ്മല്‍ കസബിന്റെ വിചാരണ പൂര്‍ത്തിയാക്കാനും അയാള്‍ക്ക് തൂക്കുകയര്‍ നല്‍കാനും സമയമെടുത്തെന്നാണ് തോന്നുന്നത്. ഇത്തരക്കാരുടെ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. മാത്രമല്ല, ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണവും നടത്തണം.
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരോടും ഭീകരരോടും യാതൊരുവിധ ദയയും കാട്ടേണ്ട കാര്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക വ്യക്തിയായിരുന്നു അജ്മല്‍ കസബ്. വിചാരണയ്ക്കുശേഷം ഇയാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു.