kerala

മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ എസ്‌ഐയ്ക്ക് നേരെ ഭീഷണി; സിപിഐ നേതാവിനെതിരെ കേസ്

By webdesk18

January 01, 2026

തളിപ്പറമ്പ്: മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ എസ്ഐ ഭീഷണിപ്പെടുത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്. മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷന്‍ രക്ഷാധികാരിയായ മുരളീധരനൊപ്പം അസോസിയേഷന്‍ ഭാരവാഹികളായ കെ. ഷിജു, എം.വിജേഷ്, ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പുതുവര്‍ഷ പരിപാടിയില്‍ രാത്രി പന്ത്രണ്ടരയ്ക്കും മൈക്ക് പ്രവര്‍ത്തിപ്പിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്കു ശല്യവുമുണ്ടാക്കിയെന്നാണ് കേസ്. മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട പൊലീസിനെ മുരളീധരനും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. നീയാരാടാ മൈക്ക് നിര്‍ത്തിപ്പിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. സതീശനെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന് പുലര്‍ച്ചെയാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അനുമതി ഇല്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനും കേസെടുത്തത്.

സിപിഐ-സിപിഎം സംഘര്‍ഷ മേഖലയായ ഇവിടെ കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ സംഘര്‍ഷത്തില്‍പ്പെട്ടവരെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞത്. രാത്രിയില്‍ ഇവര്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു.