മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്.

മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്.

മഞ്ചേശ്വരം സ്വദേശി പരേതനായ കെ.ടി.അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മകന്‍ താമില്‍ (മൂന്ന്) എന്നിവരാണു മരിച്ചത്.

പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അശ്രദ്ധയാണ് അപകടം മുണ്ടാക്കിയത്. ഒരേസമയം രണ്ടു ട്രാക്കുകളിലൂടെയായി ട്രെയില്‍ വന്നതാണ് അപകടത്തിന് കാരണമായത്.

മംഗളൂരു ഭാഗത്തേക്കുള്ള ചെന്നൈ മംഗലാപുരം എക്‌സപ്രസ് കടന്നുപോയ ഉടനെ ഇവര്‍ പാളം മുറിച്ചു കടക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് മംഗളൂരു ഭാഗത്തുനിന്ന് അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.