ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനി കുളത്തില്‍ വീണ് മരിച്ചു. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. അവസാനവര്‍ഷ ബി.എ ബിരുദ വിദ്യാര്‍ത്ഥിനിയായ മാല (20) ആണ് മരിച്ചത്.

കോലാറിലെ വേദഗിരിയില്‍ 30 അടി താഴ്ച്ചയുളള കുളത്തിലേക്കാണ് മാല വീണത്. ടിക് ടോക് വീഡിയോകള്‍ സ്ഥിരമായി മാല പകര്‍ത്താറുണ്ട്.
പെണ്‍കുട്ടി വീഡിയോ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായിട്ടില്ല.

പിതാവ് പശുക്കള്‍ക്ക് നല്‍കാന്‍ വൈക്കോലെടുക്കാന്‍ അയച്ചതായിരുന്നു മാലയെ എന്നാണ് വിവരം. ഇതിനിടയിലാണ് വീഡിയോ പകര്‍ത്തിയത്.
ആള്‍മറയില്ലാത്ത കുളത്തിലേക്ക് കാല് തെറ്റി വീണതാകാം എന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

ഇത് ആദ്യമായല്ല ടിക് ടോക് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച് മരണം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ടിക് ടോക് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു.
24 കാരനായ നരസിംഹലുവാണ് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത്.