ചെന്നൈ: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുന്‍പ് തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്‌നാട് ഘടകം ബിജെപി വൈസ് പ്രസിഡന്റ് നായ്‌നാര്‍ നാഗേന്ദ്രനാണ് തിരുനെല്‍വേലി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്.

ഒറ്റയ്‌ക്കെത്തിയാണ് നായ്‌നാര്‍ പത്രിക സമര്‍പ്പിച്ചത്. ബി ഫോം ഇല്ലാതെയാണ് റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. പല നേതാക്കളും നായ്‌നാറിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

അതേസമയം, നായ്‌നാറാണ് സ്ഥാനാര്‍ത്ഥിയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ പത്രിക സമര്‍പ്പിച്ചതിനെ തെറ്റായി കാണാന്‍ സാധിക്കില്ലെന്നുമാണ് ഒരു കൂട്ടം പ്രവര്‍ത്തകരുടെ അഭിപ്രായം.