ഇന്ത്യന്‍ ഓഹരിവിപണിയില്‍ രണ്ടാഴ്ച ആധിപത്യം കാണിച്ച ബുള്‍ ഇടപാടുകാരെ രംഗത്ത് നിന്ന് താല്‍ക്കാലികമായി തുരത്തിയത് വിപണിയെസമ്മര്‍ദ്ദത്തിലാക്കി. റമസാന്‍ മൂലം വ്യാഴാഴ്ച വിപണി അവധിയായിരുന്നതിനാല്‍ പിന്നിട്ടവാരം ഇടപാടുകള്‍ നാല് ദിവസങ്ങളില്‍ ഒതുങ്ങി. ആഭ്യന്തര വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്ക് ഉത്സാഹിച്ചതിനാല്‍ ബിഎസ് ഇ സൂചിക 473 പോയിന്റും എന്‍ എസ് ഇ 145 പോയിന്റും ഇടിഞ്ഞു.

വിദേശഫണ്ടുകള്‍ 4205 കോടിയും ആഭ്യന്തരഫണ്ടുകള്‍ 1857 കോടി രൂപയുടെയും ഓഹരികള്‍ കഴിഞ്ഞവാര ംവിറ്റു. ഈ മാസം വിദേശഫണ്ടുകള്‍ 6427 കോടി രൂപ ഓഹരിയില്‍ നിന്നും 25 കോടി കടപത്രത്തില്‍ നിന്നും പിന്‍വലിച്ചു. മൊത്തം 6452 കോടിരൂപയാണ് അവര്‍ തിരിച്ചുപിടിച്ചത്. കഴിഞ്ഞമാസം അവര്‍ 9435 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തരഫണ്ടുകള്‍ ഈ മാസം 981 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലില്‍ അവര്‍ മൊത്തം 11,360 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
ബോംബെ സൂചിക 49,306 ല്‍ നിന്ന് 49,617 വരെ കയറിയ അവസരത്തിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 48,473 ലേക്ക് സൂചിക ഇടിഞ്ഞു. എന്നാല്‍ വാരാന്ത്യം അല്‍പ്പം മെച്ചപ്പെട്ട് 48,732 പോയിന്റിലാണ്. ഈവാരം സെന്‍സെക്‌സിന് 48,26447,800 ല്‍ താങ്ങും 49,40850,084 ല്‍ പ്രതിരോധവും പ്രതീക്ഷിക്കാം.

നിഫ്റ്റി സൂചിക 14,823 ല്‍ നിന്ന് 14,966 വരെ ഉയര്‍ന്നു. ഇതിനിടയിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 14,590 ലേക്ക് താഴ്ന്ന ശേഷം ക്ലോസിങില്‍ 14,677 പോയിന്റിലാണ്. നിഫ്റ്റിക്ക് 20 ആഴ്ചകളിലെ ശരാശരിയായ 14,620 ലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ടാല്‍ 14,52314,370 ലേക്ക് തിരുത്തലിന് ശ്രമിക്കാം. വിപണിക്ക് ഈവാരം 14,898 ലും 15,120 പോയിന്റില്‍ പ്രതിരോധമുണ്ട്.
വിപണിയിലെ തിരുത്തല്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് അവസരമാക്കാം. മികച്ച ഓഹരികള്‍ തിരഞ്ഞടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മുന്നിലുള്ള ദിവസങ്ങള്‍ അനവസരമാക്കാം. നിഫ്റ്റിയുടെ ഡെയ്‌ലിചാര്‍ട്ടില്‍ പാരാബോളിക്ക് എസ് ഏ ആര്‍ ബുള്ളിഷ് ട്രന്റിലും സൂപ്പര്‍ ട്രെന്റ് സെല്ലിങ് മൂഡിലുമാണ്.

മുന്‍നിരയിലെ പത്തില്‍ എട്ട് കമ്പനികളുടെ വിപണിമൂല്യം പിന്നിട്ടവാരം 1,13,074 കോടി രൂപ കുറഞ്ഞു. റ്റിസിഎസ്, ഇന്‍ഫോസീസ്, എച്ച്.ഡിഎഫ് സിബാങ്ക്, ബജാജ് ഫൈനാന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് യു എല്‍, ക്വാട്ടേക് മഹീന്ദ്ര തുടങ്ങിയവയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ എസ് ബി ഐ, ആര്‍ ഐ എല്‍ എന്നിവ മികവ് കാണിച്ചു.

ഭാരതി എയര്‍ടെല്‍, ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യ, ശ്രീസിമന്റ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്പിസിഎല്‍, ബോഷ്, കോള്‍ഗേറ്റ് പാമോലീവ്, ഫെഡറല്‍ബാങ്ക്, ആരതി ഇന്‍ഡസ്ട്രീസ്, കാനറ ബാങ്ക്, ജിഎസ്‌കെഫാര്‍മ, ജിന്‍ഡാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഈ വാരം ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിടും.

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം മെയ് ആദ്യവാരം1.444 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 589.465 ബില്യണ്‍ ഡോളറിലെത്തി. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപ 73.30 ല്‍ നിന്ന് 73.23 ലേക്ക് മെച്ചപ്പെട്ടു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 68.71 ഡോളറിലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1843 ഡോളറിലാണ്. വിപണി 1885 ഡോളറിലെ പ്രതിരോധം മറികടന്നാല്‍ 1930 ഡോളര്‍ വരെ മുന്നേറാം.