ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പ്രചരണത്തിന് ബലം പകരാന്‍ പുതിയ വ്യാജ പ്രചാരണവുമായി സംഘപരിവാര്‍. തമിഴ്‌നാട്ടില്‍ റെയില്‍ പാളത്തില്‍ വെച്ച് നമസ്‌കരിച്ചത് മൂലം ട്രെയിന്‍ തടസ്സപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാനായില്ലെന്നാണ് പുതിയ പ്രചരണം. റെയില്‍ പാളത്തില്‍ വെച്ച് നമസ്‌കരിക്കുന്ന ഫോട്ടോ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുന്നത്. തമിഴിലുള്ള ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്.

തമിഴ്‌നാട്ടില്‍ എവിടെയും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ മുഴുവന്‍ വിദ്യാര്‍ഥികളും തടസങ്ങളൊന്നുമില്ലാതെ നീറ്റ് പരീക്ഷയെഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റമസാനിലെ അവസാന വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിന്റെ ഫോട്ടോയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഫോട്ടോയായി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

2017 ജൂണില്‍ ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ അനിന്‍ഡ്യ ചന്ദോപാദ്ധ്യായയാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഈ ഫോട്ടോ പകര്‍ത്തിയത്. 2017 ജൂണ്‍ 23ന് ടൈംസ് ഓഫ് ഇന്ത്യ ഈ ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ചിത്രമായി ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ ഈ ഫോട്ടോ വര്‍ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിച്ചിരുന്നു. പൊതു ഇടങ്ങള്‍ കയ്യേറി ആരാധന നിര്‍വഹിക്കുന്നതിലൂടെ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം.

താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇത്തരം ഫോട്ടോകള്‍ എടുക്കാറുണ്ട് ഫോട്ടോഗ്രാഫര്‍ അനിന്‍ഡ്യ ചന്ദോപാദ്ധ്യായ പറഞ്ഞു. ഡല്‍ഹിയിലെ പ്രശസ്തമായ പള്ളിയാണ് അക്ചാന്‍മിയ മസ്ജിദ്. ഇവിടെ തിരക്കേറുമ്പോള്‍ നമസ്‌കരിക്കുന്നവരുടെ നിര റെയില്‍വേ ട്രാക്കിലേക്ക് നീളാറുണ്ട്. റെയില്‍വേ അധികൃതരും യാത്രക്കാരും ഇതിനോട് സഹകരിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ട്രെയിന്‍ 15-20 മിനിറ്റ് നിര്‍ത്തിയിടാറുണ്ട്. ഇതൊരു പാരമ്പര്യത്തിന്റെ ഭാഗമാണെന്നും വര്‍ഗീയമായ നിറം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.