kerala

ചികിത്സാപിഴവ്: വലതുകൈ നഷ്ടമായ വിനോദിനിക്ക് ഇനിയും കൃത്രിമക്കൈയില്ല; പുതുവർഷവും സ്കൂളിലേക്കില്ല

By sreenitha

January 02, 2026

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇതുവരെ കൃത്രിമക്കൈ ലഭിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.

കുടുംബത്തിന് ഇതുവരെ ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ മാത്രമാണ്. കൃത്രിമക്കൈ ഘടിപ്പിക്കാൻ ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. വിഷയത്തിൽ ജില്ലാ കലക്ടറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതാണ് അപകടത്തിന് കാരണം. 2025 സെപ്റ്റംബർ 24നായിരുന്നു സംഭവം. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വലതുകൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്ലാസ്റ്റർ ഇട്ടു വിട്ടു.

തുടർന്ന് കൈവിരലുകളിൽ കുമിളകൾ രൂപപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ വലതുകൈ മുറിച്ച് മാറ്റേണ്ടിവന്നു.

ചികിത്സാപിഴവിനെ തുടർന്ന് ജീവിതം മാറിമറിഞ്ഞ വിനോദിനിക്ക് കൃത്രിമക്കൈ നൽകാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.