കൊല്‍ക്കത്ത: ബംഗാളില്‍ ജനപ്രിയ പ്രകടനപത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും മാസവരുമാനം ഉറപ്പാക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മമത ബാനര്‍ജി പറഞ്ഞു.

പൊതുവിഭാഗത്തിലെ കുടുംബനാഥകള്‍ക്ക് എല്ലാം മാസവും 500 രൂപ വീതവും പട്ടികജാതി- പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആയിരം രൂപയും നല്‍കും. ഇത് എല്ലാവര്‍ക്കും ലഭിക്കുമെന്നും അതില്‍ യാതൊരുവിവേചനവും ഉണ്ടാകില്ലെന്നും പ്രകടനപത്രിക പറയുന്നു.

ഒരുവര്‍ഷം 5ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാര്‍ഥികള്‍ക്ക് ക്രഡിറ്റ് കാര്‍ഡ് നല്‍കും. ഇതിലൂടെ പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. നാല് ശതമാനം മാത്രം പലിശയാണ് ഈടാക്കുക. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നും വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രകടനപത്രിക പറയുന്നു.