അഹമ്മദാബാദ്: ഗുജറാത്തില്‍ 22കാരിയെ പൊതുജനമധ്യത്തില്‍ വച്ച് സഹോദരന്‍ കുത്തിക്കൊന്നു. സഹോദരിയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.

കച്ച് ജില്ലയിലാണ് സംഭവം. റീനയെയാണ് പൊതുനിരത്തില്‍ വച്ച് സഹോദരന്‍ എട്ടുതവണ കത്തി ഉപയോഗിച്ച് കുത്തിയത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് റീന. യുവതിയുടെ അച്ഛന്റെ കൊലപാതക കേസില്‍ കുറ്റവിമുക്തനായ ഭവന്‍ ജോഷി എന്നയാളുടെ ഒപ്പമായിരുന്നു കഴിഞ്ഞ കുറെ നാളുകളായി റീന താമസിച്ചിരുന്നത്. കേസില്‍ റീനയുടെ അമ്മയും പ്രതിയാണ്.

റീനയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറയുന്നത് കേട്ടതാണ് സഹോദരന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സഹോദരിയെ കൊല്ലാന്‍ പ്രേംസാങ് ടാങ്ക് തീരുമാനിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സഹോദരിയെ യുവാവ് കുത്തിക്കൊന്നത്.

ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിന് ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. ആയുധം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.