india
മൈസൂരു കൊട്ടാരത്തിന് സമീപം സ്ഫോടനം: മരണം മൂന്നായി, അന്വേഷണം ഊർജിതം
സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.
മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.
ബലൂൺ നിറയ്ക്കാൻ ഉപയോഗിച്ച ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക വിശദീകരണം. എന്നാൽ മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ ഇത് തിരുത്തി. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം നിർമിച്ചതെന്നും, ഹീലിയം അല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, എൻ.ഐ.എ സംഘം സംഭവസ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ സിറ്റി പൊലീസും എൻ.ഐ.എയും ചോദ്യം ചെയ്യുകയാണ്.
മന്ത്രി മഹാദേവപ്പ, മൈസൂരു ജില്ലാ കലക്ടർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമ്മീഷണർ സീമ കലട്കർ എന്നിവർ കെ.ആർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.
“ഇത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ അപകടമാണ്. സലീം ഒരു സീസണൽ ബിസിനസുകാരനായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഗ്യാസ് ഉണ്ടാക്കിയതാണ്. അത് ഹീലിയമായിരുന്നെങ്കിൽ സംഭവം കൂടുതൽ ഗുരുതരമാകുമായിരുന്നു. നഗരത്തിലെ ലോഡ്ജിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നവർ കുടുംബാംഗങ്ങളാണ്,” മന്ത്രി പറഞ്ഞു.
എൻ.ഐ.എ വിവരശേഖരണം നടത്തുന്നതിനെക്കുറിച്ച് പ്രതികരിച്ച മന്ത്രി, മൈസൂരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഇത്തരമൊരു സംഭവത്തിൽ എൻ.ഐ.എ സിറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് സാധാരണ നടപടിയാണെന്നും സിറ്റി പൊലീസ് പൂർണ സഹകരണം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.
സംഭവത്തിൽ പരിക്കേറ്റ കൊൽക്കത്ത സ്വദേശി ഷാഹിന ഷാബർ (54), റെനെബെന്നൂർ സ്വദേശി കൊത്രേഷ് ബീരപ്പ ഗട്ടർ, ബന്ധുവായ വേദശ്രീ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവർ സുഖം പ്രാപിച്ചു വരികയാണ്.
പരിക്കേറ്റവരിൽ ഒരാളായ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിനെതിരെ ദേവരാജ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സലീം ഏകദേശം 15 ദിവസം മുൻപാണ് മൈസൂരുവിലെത്തി ലഷ്കർ മൊഹല്ലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതിദിനം 100 രൂപ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെയും മൂന്ന് കുട്ടികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി 8.30ഓടെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകളിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രകാശിതമായ മൈസൂരു കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ പതിവായി എത്തുന്ന സ്ഥലമാണിത്.
india
ചാറ്റ് ജിപിടി ഉപയോഗിച്ച് വ്യാജ റെയില്‍വേ പാസ് നിര്‍മിച്ച് യാത്ര: യുവാവ് പിടിയില്‍
ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്.
ചാറ്റ് ജിപിടി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ റെയില്‍വേ പാസ് ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്. മുംബ്രയില്‍ നിന്ന് സിഎസ്എംടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ 25ന് ബൈഗുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നില്‍ ഓഫീസര്‍ കുനാല്‍ സവര്‍ദേക്കര്‍ നടത്തിയ പതിവ് ടിക്കറ്റ് പരിശോധനക്കിടെയാണ് സംഭവം. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന റെയില്‍വേ പാസിന്റെ ഫോട്ടോ കോപ്പിയാണ് ആദില്‍ അന്‍സാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചത്.
എന്നാല്‍, കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ള രൂപകല്‍പ്പനയോട് പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍, ഇയാള്‍ കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതല്ലെന്നും, സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി ഉപയോഗിച്ചാണ് വ്യാജമായി നിര്‍മിച്ചതെന്നും വ്യക്തമായി.
ഡിസംബര്‍ 24നും 25നും മുംബ്രയില്‍ നിന്ന് സിഎസ്എംടി വരെ യാത്ര ചെയ്യുന്നതിനായി 215 രൂപ മൂല്യമുള്ള വ്യാജ പാസാണ് ഇയാള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ വ്യാജ പാസ് ഉപയോഗിച്ച് യാത്ര നടത്തിയിട്ടുണ്ടെന്ന സംശയവും അന്വേഷണസംഘം ഉയര്‍ത്തിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധിച്ച കുനാല്‍ സവര്‍ദേക്കര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ടിക്കറ്റ് ഉപയോഗിച്ച് ഇയാള്‍ എത്രകാലമായി യാത്ര ചെയ്തുവെന്നത് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
india
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു.
ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയും. നഗരത്തിലെ വായു മലിനീകരണം അതീവ ഗുരുതര അവസ്ഥയിലാണ്. വായു ഗുണനിലവാര സൂചിക (AQI) 370ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള മേഖലകളിലും വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലാണ്.
ഇതിനിടെ, ശൈത്യ തരംഗം ശക്തമാകുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
india
ഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിബിഐ. കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നതിനിടെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന് നല്‍കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും അതിജീവിത സന്ദര്‍ശിച്ച ശേഷമാണ് സി.ബി.ഐ തീരുമാനം. അതിജീവിതയുടെ കുടുംബം മുതിര്‍ന്ന അഭിഭാഷകന്റെ സേവനവും കേസ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും ഉന്നയിച്ചു. കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞിരുന്നു. കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ ഇന്ത്യാ ഗേറ്റില്‍ അമ്മയോടൊപ്പം പ്രതിഷേധിച്ച തന്നെ നീക്കം ചെയ്ത പൊലീസിനെതിരെയും അവര്‍ പ്രതികരിച്ചു. ‘ബലാത്സംഗം ചെയ്യാന്‍ അനുമതി. കുറ്റവാളിക്ക് ജാമ്യത്തിന് അനുമതി. എന്നാല്‍ പ്രതിഷേധത്തിന് അനുമതിയില്ല. രാജ്യത്തിന്റെ പ്രസിഡന്റ് വനിതയാണ്. ഡല്‍ഹി മുഖ്യമന്ത്രി വനിതയാണ്’-താന്‍ നീതിക്കായി പെരുതുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.
-
kerala16 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF13 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film13 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india12 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News19 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala14 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health15 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala14 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
