വാഷിങ്ടണ്‍: അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിയാര്‍ജിച്ച പ്രമുഖ മാധ്യമങ്ങളെ വൈറ്റ്ഹൗസില്‍നിന്ന് പുറത്താക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാരം. സി.എന്‍.എന്‍, ബി. ബി.സി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, പൊളിറ്റിക്കോ, ദ ലോസ് ഏഞ്ചല്‍സ് ടൈംസ്, ബസ്ഫീഡ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ക്കാണ് വൈറ്റ്ഹൗസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

trump

വെള്ളിയാഴ്ച ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വിൡച്ചുചേര്‍ത്ത വര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവരെ അനുവദിച്ചില്ല. റോയിട്ടേഴ്‌സ്, ബ്ലൂംബെര്‍ഗ്, സി.ബി.എസ് തുടങ്ങിയ 10 മാധ്യമങ്ങളുടെ റിപ്പോര്‍ട്ടമാരെ മാത്രമാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുപ്പിച്ചത്. മറ്റു മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസിന്റെയും ടൈം മാഗസിന്റെയും റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി. വൈറ്റ്ഹൗസിന്റെ വലിയ വാര്‍ത്താ മുറിയില്‍ കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ മാത്രം മതിയെന്ന് തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാത്രമാണ് സ്‌പൈസര്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും ദൈനംദിനം മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളുടെ കടുത്ത വിര്‍ശകനാണ് ഡൊണാള്‍ഡ് ട്രംപ്.
ഭൂരിഭാഗം മാധ്യമങ്ങളും പടച്ചുവിടുന്നത് വ്യാജ വാര്‍ത്തകളാണെന്നും യു.എസ് ജനതയുടെ ശത്രുക്കളാണ് അവരെന്നും നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. മാധ്യമങ്ങളില്‍വരുന്ന വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ ശക്തമായി തടയുമെന്ന് പ്രമുഖ മാധ്യമങ്ങളെ പുറത്താക്കിയതിനുശേഷം നടത്തിയ സമ്മേളനത്തില്‍ സ്‌പൈസര്‍ പറഞ്ഞു. വ്യാജ വാര്‍ത്തകളെയും കഥകളെയും സ്വതന്ത്രമായി വരാന്‍ അനുവദിച്ച് പിന്‍ബഞ്ചില്‍ കാഴ്ചക്കാരായി നില്‍ക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഒരു പരിപാടിയില്‍ സംസാരിച്ചപ്പോഴും ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുമെന്ന രൂപത്തിലായിരുന്നു ട്രംപിന്റെ പ്രസംഗം. ഇറവിടം വെളിപ്പെടുത്താതെ വാര്‍ത്തകള്‍ തയാറാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനും ഭരണഘടന കാത്തുസൂക്ഷിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരെ ഭരണകൂടം നീങ്ങുന്നത് ആശങ്കാജനകമാണെന്ന് യു.എസ് നാഷണല്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജെഫ്രി ബലോവു പറഞ്ഞു. വൈറ്റ്ഹൗസിന്റെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബക്വെറ്റ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു. അമേരിക്കയെ ട്രംപ് ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന ആരോപണം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കെയാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ തീരുമാനിച്ചും കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ട്രംപ് ഭരണകൂടം മാധ്യമങ്ങളെ പേടിയോടെയാണ് കാണുന്നത്. ട്രംപിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വാര്‍ത്തകള്‍ അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലം മുതല്‍ തന്നെ ട്രംപും മാധ്യമങ്ങളും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. റഷ്യയുമായി അദ്ദേഹത്തിനുള്ള ബന്ധങ്ങളടക്കം നിരവധി സുപ്രധാന രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.