വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കെല്ലിയന്‍ കോണ്‍വേ കറുത്ത വര്‍ഗക്കാരെ അപമാനിച്ചതിന്റെ ചിത്രം പുറത്ത്. കറുത്ത വര്‍ഗക്കാരുടെ പ്രതിനിധികളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കെല്ലയിന്‍ മര്യാദയില്ലാതെ പെരുമാറിയത്. പ്രതിനിധി സംഘവുമായി ട്രംപ് സംസാരിക്കുമ്പോള്‍ സമീപത്തെ സോഫയില്‍ അലസമായി മുട്ടുകുത്തിയിരുന്ന ഉപദേശകയുടെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങള്‍ വന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. യു.എസിലെ കറുത്ത വര്‍ഗക്കാരുടെ പുരോഗതിക്കായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചക്കു ശേഷം ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്നതിനിടെയാണ് ഉപദേശകയുടെ മര്യാദവിട്ട പെരുമാറ്റം. മുട്ടുകുത്തിയിരുന്നു കൊണ്ടു തന്നെ ട്രംപിന്റെയും മറ്റ് പ്രതിനിധികളുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു ഉപദേശക.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേശകയാണ് ഇത്തരത്തില്‍ പെരുമാറിയിരുന്നതെങ്കില്‍ അമേരിക്കയില്‍ വന്‍ പ്രതിഷേധം ആഞ്ഞടിച്ചേനെയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം.