വാഷിങ്ടണ്‍: ഒബാമ കെയര്‍ പദ്ധതിയെ തഴഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കനത്ത തിരിച്ചടി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ പദ്ധതിയെ എതിര്‍ത്തതോടെ യു.എസ് കോണ്‍ഗ്രസ് ബില്‍ പാസാക്കാനായില്ല. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി. ഒബാമ കെയര്‍ പൂര്‍ണമായും ഇല്ലാതാക്കി ട്രംപിന്റെ നേതൃത്വത്തില്‍ പുതുതായി ആവിഷ്‌കരിച്ചതായിരുന്നു ഇത്. ഒബാമ കെയര്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും താനത് ഉടച്ചുവാര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിച്ചിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ നടപടി തന്നെ ഒബാമ കെയര്‍ നിര്‍ത്തലാക്കുകയായിരുന്നു. തുടര്‍ന്ന് നൂറുദിന കര്‍മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് സംരക്ഷ ബില്ലുമായി മുന്നോട്ടു നീങ്ങി. എന്നാല്‍ സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷമുണ്ടായിട്ടും ബില്ലിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തുവരികയായിരുന്നു. ബില്ല് പാസാക്കുന്നതിന് യുഎസ് കോണ്‍ഗ്രസില്‍ 215 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ വോട്ടെടുപ്പില്‍ 35 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തതോടെയാണ് ട്രംപിന്റെ സ്വപ്‌നം പാളിയത്.
ഒബാമ കെയര്‍ ബില്ലിനു സമാനമായി തന്നെയാണ് പുതിയ ബില്ലും ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് പ്രധാന വാദം. ഇവര്‍ക്കൊപ്പം ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും ബില്ലിനെ എതിര്‍ത്തതോടെ ഒബാമ കെയര്‍ പദ്ധതി നിലനില്‍ക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്.