വാഷിങ്ടണ്‍: ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചൈനയുടെ വണ്‍ ചൈന പോളിസിയെ അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് വണ്‍ ചൈന പോളിസിയ്‌ക്കെതിരെയുള്ള ട്രംപിന്റെ അനുകൂല നിലപാട് വ്യക്തമാക്കിയത്. തയ്‌വാന്‍ നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നും ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയിലാണ് ഇരു നേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. വണ്‍ ചൈന നയത്തെ പിന്തുണയ്ക്കണമെന്ന ചൈനീസ് പ്രസിഡന്റിന്റെ ആവശ്യത്തെ ട്രംപ് അംഗീകരിക്കുകയായിരുന്നു.