ഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മാലി തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. മാലി ലോകകപ്പിലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ അവര്‍ ഒരു ഗോളിനു മുന്നിലായിരുന്നു. 38ാം മിനിറ്റില്‍ ജെമോസ ട്രാവോറിന്റെ വകയായിരുന്നു ആദ്യ ഗോള്‍. ഗ്രൂപ്പ് എ മല്‍സരത്തില്‍ യുഎസ്എയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുഎസ് പരാജയപ്പെടുത്തിയത്. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മല്‍സരഫലം നിര്‍ണയിച്ച ഗോളെത്തിയത്. 75ാം മിനിറ്റില്‍ അയോ അകിനോലയാണ് വിജയഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ തന്നെ മാലി തുര്‍ക്കി ഗോള്‍ പോസ്റ്റിലേക്ക് നിരന്തരം അക്രമങ്ങള്‍ നടത്തി. ആദ്യ പകുതിയില്‍ മാത്രം 17 ഗോള്‍ശ്രമങ്ങളാണ് തുര്‍ക്കി പോസ്റ്റ് ലക്ഷ്യമാക്കി മാലി നടത്തിയത്. 68ാം മിനിറ്റില്‍ ലസാന എന്‍ഡായെയും 86ാം മിനിറ്റില്‍ ഫോഡ് കൊനാറ്റെയും മാലിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ആദ്യ മത്സരത്തില്‍ തുര്‍ക്കി ന്യൂസീലന്‍ഡിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ തോറ്റതോടെ തുര്‍ക്കിയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത പ്രതിസന്ധിയിലായി. ഗ്രൂപ്പ് ബിയില്‍ നിലവില്‍ അവസാന സ്ഥാനക്കാരാണ് തുര്‍ക്കി. അതേ സമയം തുര്‍ക്കിക്കെതിരായ ജയത്തോടെ മാലി ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള പാരഗ്വായാണ് രണ്ടാം സ്ഥാനത്ത്

യുഎസിനെതിരെ ആക്രമിച്ച് കളിച്ച ഘാനയെ ഫിനിഷിങ്ങിലെ പോരായ്മയാണ് ചതിച്ചത്. ഗോള്‍ വഴങ്ങിയതോടെ സമനില ഗോളിനായി യുഎസ് ഗോള്‍ മുഖത്ത് കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും, ലക്ഷ്യം കാണാനാകാതെ പോയതോടെ ഘാന ആദ്യ തോല്‍വിയേറ്റു വാങ്ങി. വിജയത്തോടെ രണ്ടു കളികളില്‍നിന്ന് യുഎസിന് ആറു പോയിന്റായി. രണ്ടു മല്‍സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുള്ള ഘാന രണ്ടാമതുണ്ട്.